
ചെറുവത്തൂർ :അമിഞ്ഞിക്കോട് അഴിക്കോടൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ” വായനാ വെളിച്ചത്തിന് ” ഉജ്വല തുടക്കം. ഒന്നുമുതൽ +2 വരെയുള്ള കുട്ടികൾക്കായി “പുസ്തകങ്ങൾ കാലത്തിൻ്റെ വഴിവിളക്കളാണെന്ന കാഴ്ച്ചപാടോടെ വായനയുടെ പുതിയ വാതായനം തുറക്കുന്നതിനായി ഒട്ടേറെ പരിപാടികളാണ് വായനശാല ഒരുക്കിയിട്ടുള്ളത്. വായനയുടെ പുതിയ ലഹരി ആസ്വദിക്കുന്നതോടൊപ്പം, പഠനയാത്രകൾ, പുഴകളും, അരുവികളും, കാവുകളും, വയലുകളും തേടിയുള്ള യാത്രകൾ, കളികൾ, ശാസ്ത്ര ലോകത്തെ കുറിച്ചും, ചരിത്രസ്മാരകങ്ങളെ കുറിച്ചുമുള്ള അറിവ് നേടൽ തുടങ്ങി ഒട്ടേറെ പരിപാടികളാണ് ഇതിൻ്റെ ഭാഗമായി തയ്യാറാക്കിയിട്ടുള്ളത്. ഇന്ന് നടന്ന “വായനയുടെ രസതന്ത്രം ” പരിപാടി
വിനോദ് ആലന്തട്ട ഉദ്ഘാടനം ചെയ്തു. 30 ഓളം പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു. വായനശാല സെക്രട്ടറി വി. ഉണ്ണികൃഷ്ണൻ, നേതൃസമിതി കൺവീനർ ടി തമ്പാൻ, എന്നിവർ സംസാരിച്ചു. പ്രസിഡണ്ട് പി.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനർ രാജേഷ് എം.കെ.വി സ്വാഗതവും കെ.വി സുജാത നന്ദിയും പറഞ്ഞു.