
കരിവെള്ളൂർ : പ്രമുഖ ചിത്രകാരനും എഴുത്തുകാരനും സ്വാതന്ത്ര്യ സമര സേനാനിയുമായ കുഞ്ഞിമംഗലം ബാലൻ മാസ്റ്ററുടെ ഓർമ്മയിൽ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം ‘ഓർമ്മകളുടെ വർണ മഴ ‘ എന്ന പേരിൽ പുസ്തക ചർച്ചയും ചിത്ര സമർപ്പണവും സംഘടിപ്പിച്ചു. ലോക ചിത്രകലയിലെ അതികായന്മാരെ കുറിച്ച് മലയാള ഭാഷയിൽ ആദ്യമായി ‘വിശ്വകലാകാരന്മാർ ‘എന്ന പുസ്തകം രചിച്ചത് അദ്ദേഹമാണ്. കുഞ്ഞിമംഗലത്തു നിന്ന് പ്രസിദ്ധീകരിച്ച ‘ഏഴിമല ടൈംസി ‘ൻ്റെ പത്രാധിപരായിരുന്നു. കുഞ്ഞിമംഗലം ഗോപാൽ എ യു.പി സ്കൂൾ, തൃക്കരിപ്പൂർ സെൻ്റ് പോൾസ് എ യു.പി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്ന അദ്ദേഹം വരച്ച ചിത്രങ്ങൾ അടുത്ത കാലം വരെ സെൻ്റ് പോൾസ് എ.യു.പി. സ്കൂൾ ചുമരുകളെ ആകർഷകമാക്കിയിരുന്നു. കരിവെള്ളൂർ വടക്കുമ്പാട് താമസിച്ചിരുന്ന അദ്ദേഹം വിപുലമായ ഗ്രന്ഥശേഖരത്തിനുട മയായിരുന്നു. 2005 ൽ എഴുപത്തിയെട്ടാമത്തെ വയസിൽ ഓർമ്മയായ മാഷിൻ്റെ റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെയുള്ള മലയാളം, ഇംഗ്ലീഷ് ഭാഷയിലുള്ള പുസ്തകങ്ങൾ ഭാര്യ യശോദാമ്മ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിന് മുൻ എം.പി. പി. കരുണാകരൻ്റെ സാന്നിധ്യത്തിൽ സമർപ്പിച്ചിരുന്നു.
കുഞ്ഞിമംഗലം ബാലൻ മാഷിൻ്റെ മകൾ അജിത. എ.കെ.യുടെ വീട്ടുമുറ്റത്ത് നടന്ന പരിപാടിയിൽ മാഷിൻ്റെ കൃതികളായ ‘വിശ്വകലാകാരന്മാർ ‘ ,’ഭാരത രത്നങ്ങൾ’, ‘ദീപ ശിഖകൾ ‘എന്നീ പുസ്തകങ്ങൾ ചർച്ച ചെയ്തു. രാവണീശ്വരം ഗവ. ഹയർ സെക്കൻഡറി അധ്യാപിക ഡോ. സോന ഭാസ്ക്കരൻ അവതരിപ്പിച്ചു. ചിത്രകാരനും റിട്ട. പ്രധാനാധ്യാപകനുമായ എ അനിൽ കുമാർ വരച്ച ബാലൻ മാഷിൻ്റെ ചിത്രം കുടുംബാംഗങ്ങൾക്ക് സമർപ്പിച്ച ചടങ്ങ് വികാര നിർഭരമായി.പി. ഗോപിയുടെ അധ്യക്ഷതയിൽ സഹപ്രവർത്തകനായിരുന്ന എ.കെ. ശ്രീധരൻ മാഷ് സ്നേഹ മൊഴി നടത്തി. കെ. നാരായണൻ, ജനാർദ്ദന ദാസ് കുഞ്ഞിമംഗലം,ടി. മാധവൻ മാഷ്, കെ.വി. ഗോവിന്ദൻ മാഷ്, എ. അനിൽകുമാർ, ഗീത സന്തോഷ്, ശശിധരൻ ആലപ്പടമ്പൻ , കൊടക്കാട് നാരായണൻ സംസാരിച്ചു.അജിത. എ.കെ. സ്വാഗതവും പി. ഗീത നന്ദിയും പറഞ്ഞു