സൗഹൃദം ഉപക്ഷിച്ചതിന് യുവാവ് നിരന്തരം ശല്യം ചെയ്തതിനെ തുടര്‍ന്ന് 16 കാരി എലി വിഷം കഴിച്ച് മരിച്ചു. കാസർകോട് ബദിയടുക്കയിലാണ് ഹൈസ്ക്കൂൾ വിദ്യാർഥിയാണ് മരിച്ചത്. സംഭവത്തിൽ ഗൾഫുകാരനായ യുവാവ് മൊഗ്രാൽ കോട്ടക്കുന്ന് സ്വദേശി അൻവർ (24) നെ അറസ്റ്റ് ചെയ്തു.അടുപ്പം ഉപേക്ഷിച്ചാൽ പിതാവിനെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് പരാതി.
പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ഇയാളൾ നേരത്തേ അറസ്റ്റിലായിരുന്നു. വിദ്യാർഥിനിയുടെ മരണമൊഴി അനുസരിച്ച് പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് അൻവറിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒളിവിൽ പോയ അൻവറിനെ ബെംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. ഇക്കഴിഞ്ഞ 23ന് വൈകിട്ടാണ് വിദ്യാർഥിനിയെ വീടിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.
ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ, പിന്നീട് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് ഇന്നു രാവിലെ മരണത്തിനു കീഴടങ്ങിയത്. ചികിത്സയിലിരിക്കെ മജിസ്ട്രേട്ടിനും പൊലീസിനും അൻവറിനെതിരെ മൊഴി നൽകിയിരുന്നു.