പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ ഉറങ്ങിക്കിടക്കുകയായിരുന്നു 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത ശേഷം പെരുവഴിയിൽ ഉപേക്ഷിച്ചു. ഒഴിഞ്ഞവളപ്പ് ജംഗ്ഷനിലെ വീട്ടിൽ നിന്നുമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്തത്. സാധാരണ അമ്മൂമ്മയോടൊപ്പം ആയിരുന്നു പെൺകുട്ടി ഉറങ്ങാറുള്ളത്. അമ്മുമ്മ കുടുംബശ്രീ പ്രവർത്തകർക്കൊപ്പം വിനോദയാത്രയ്ക്ക് പോയതിനാൽ രാത്രി കുട്ടി അച്ഛച്ചന്റെ കൂടെയാണ് ഉറങ്ങിയിരുന്നത്. അച്ചച്ചൻ പുലർച്ചെ മൂന്നുമണിയോടെ എഴുന്നേറ്റ് പശുവിനെ കറക്കാൻ പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്.പശുവിനെ കറന്ന ശേഷം അച്ചച്ചൻ തിരിച്ചെത്തിയപ്പോൾ കുഞ്ഞിനെ കാണാൻ ഇല്ലായിരുന്നു. അച്ഛനും അമ്മയും കിടന്നുറങ്ങിയ മുറിയിൽ അന്വേഷിച്ചപ്പോഴും കുട്ടിയെ കണ്ടെത്താനായില്ല. അപ്പോഴാണ് അടുക്കള ഭാഗത്തെ വാതിൽ തുറന്നു കിടക്കുന്നതായി കണ്ടത്.കുട്ടിക്കായി തിരിച്ചൽ നടത്തി വരുന്നതിനിടയിലാണ് വീട്ടിൽ നിന്നും 500 മീറ്റർ അകലെ കല്ലൂരാവിയിൽ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അക്രമി ഉപേക്ഷിച്ച പോയ ശേഷം കുട്ടി തൊട്ടടുത്ത വീട്ടിൽ ചെന്ന് കോളിംഗ് ബെൽ അടിച്ചു വീട്ടുകാരെ ഉണർത്തി കാര്യങ്ങൾ അറിയിക്കുകയായിരുന്നു. ഇവരാണ് കുട്ടിയുടെ വീട്ടുകാരെ വിവരമറിയിച്ചത്. തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും തൊട്ടടുത്ത് തന്നെയാണ് വീട് എന്ന് പറഞ്ഞാണ് തന്നെ ഉപേക്ഷിച്ചതെന്നും കുട്ടി മൊഴി നൽകി. സംഭവം അറിഞ്ഞ ഉടൻ ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാളെ വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. സമീപപ്രദേശങ്ങളിലെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.