ഇന്ന് പുലര്‍ച്ചെ ഉണ്ടായ ഇടിമിന്നലോടുകൂടി കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഇടിമിന്നലേറ്റ് പശു ചത്തു. പലയിടങ്ങളിലും കാര്‍ഷിക വിളകള്‍ നശിച്ചു. വൈദ്യുതിബന്ധവും താറുമാറായി. കരിന്തളം ചിമ്മത്തോട്ടെ സുരേഷിന്‍റെ പശുവാണ് ഇടിമിന്നലേറ്റ് ചത്തത്. ഇവരുടെ പറമ്പിലെ തെങ്ങും മുരിങ്ങയും ഇടിമിന്നലേറ്റ് ചിതറിതെറിച്ചു. ഇലക്ട്രിക് മോട്ടറും കത്തിനശിച്ചു.
ചായ്യോത്ത് പെന്‍ഷന്‍മുക്കിലെ ഷീനരാഘവന്‍റെ വീട്ടിലെ വയറിങ്ങുകളും ഇടിമിന്നലില്‍ കത്തിനശിച്ചു. കാലിച്ചാനടുക്കം മൂപ്പിലിലെ ഹക്കീമിന്‍റെ വീടിന്‍റെ വയറിങ്ങുകളും പൂര്‍ണ്ണമായും കത്തിനശിച്ചു. വീടിന്‍റെ മുന്‍വശത്തുണ്ടായിരുന്ന കിണറിന്‍റെ മോട്ടോറും കത്തിനശിച്ചു.മടിക്കൈ പുതിയകണ്ടം മൂലായിപ്പള്ളിയില്‍ കല്യാണിയുടെ വീടിന് മുകളില്‍ തെങ്ങ് പൊട്ടിവീണു. ഭാഗ്യം കൊണ്ട് അപകടമൊന്നും ഉണ്ടായില്ല.
ഒടയംഞ്ചാല്‍, പരപ്പ, വെളളരിക്കുണ്ട്, കൊന്നക്കാട്, കാലിച്ചാമരം, ഭീമനടി, ചിറ്റാരിക്കാല്‍, നീലേശ്വരം, മടിക്കൈ, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, പടന്ന, വലിയപറമ്പ, പിലിക്കോട്, കയ്യൂര്‍-ചീമേനി, അജാനൂര്‍, കോടോം-ബേളൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചു. ഇവിടങ്ങളിലെല്ലാം വ്യാപകമായ നാശനഷ്ടവും ഉണ്ടായി.
കനത്തമഴയില്‍ മാവുങ്കാല്‍ ടൗണും വെള്ളത്തില്‍മുങ്ങി. മാവുങ്കാല്‍-പാണത്തൂര്‍ ജംഗ്ഷനില്‍ റോഡിന്‍റെ രണ്ടുഭാഗത്തും വെള്ളം കെട്ടികിടക്കുകയാണ്. മേല്‍പ്പാലം പണി ആരംഭിച്ചതുമുതല്‍ മഴപെയ്താല്‍ മാവുങ്കാല്‍ ടൗണ്‍ വെള്ളത്തില്‍ മുങ്ങാറുണ്ട്. വെള്ളം ഒഴുകിപോകാന്‍ ആവശ്യമായ സംവിധാനം ഒരുക്കാത്തതാണ് ഈ ദുരവസ്ഥക്ക് കാരണം.
കനത്തമഴയില്‍ ചെര്‍ക്കള ടൗണ്‍വെള്ളത്തില്‍ മുങ്ങി. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് നേരെത്തെ ഉണ്ടായിരുന്ന ഓവുചാല്‍ ഇല്ലാതായതോടെയാണ് ടൗണില്‍ വെള്ളപൊക്കമുണ്ടായത്. ചെറുകിട വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍പോലും കഴിയാത്ത സ്ഥിതിയാണ്.
ഇന്ന് പുലര്‍ച്ചെയുണ്ടായ ഇടിമിന്നലില്‍ കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്‍റെ സണ്‍ഷൈഡ് തകര്‍ന്ന് കാറിന്‍റെ ചില്ലുകള്‍ തകര്‍ന്നു. റെയില്‍വേ സ്റ്റേഷന്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വെള്ളിക്കോത്ത് സ്വദേശി പ്രഭാകരന്‍റെ കാറിന്‍റെ മുന്‍വശത്തെ ചില്ലുകളാണ് തകര്‍ന്നത്.