നീലേശ്വരം: നവീകരിക്കുന്ന ദേശീയ പാതയിൽ നീലേശ്വരം പാലത്തിൻ്റെ സമീപന റോഡിൻ്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു. ഇതേ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. നീലേശ്വരത്ത് പുതിയ പാലത്തിൻ്റെ നിർമാണം നടക്കുന്നതിനിടെയാണ് സമീപനറോഡിന്റെഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നത്. നിടുങ്കണ്ട വളവിറങ്ങി പാലത്തിലേക്ക് കയറുന്ന ഭാഗത്താണ് റോഡിടിഞ്ഞു അപകടമുണ്ടായത്. ഇപ്പോൾ ഭാരവണ്ടികൾ കടന്നുപോയാൽ മൊത്തം ഇടിഞ്ഞു താഴ്ന്നേക്കുമെന്ന ആശങ്കയുണ്ട്. ഇതേതുടർന്ന് നീലേശ്വരം പോലിസ് എത്തി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒരു ഭാഗത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. അതുകാരണം ഈ മേഖലയിൽ ഗതാഗത കുരുക്ക് തുടരുകയാണ്. വോട്ടെടുപ്പിന് തലേന്ന് പോളിങ് സാമഗ്രികളുമായും മറ്റും തലങ്ങും വിലങ്ങും വാഹനങ്ങൾ ഓടിയപ്പോൾ ഉണ്ടായ ഗതാഗതക്കുരുക്ക് വലിയ തലവേദനയായി. അരനൂറ്റാണ്ടിൽ അധികം പഴക്കമുള്ളതാണ് നീലേശ്വരം പുഴയ്ക്ക് കുറുകെ നിലവിലുള്ള റോഡ് പാലം. കഴിഞ്ഞ പതിറ്റാണ്ടിനിടെ ഒന്നിലധികം തവണ ബലപ്പെടുത്തിയ പാലമാണിത്.