നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി പടിഞ്ഞാറ്റം കൊഴുവലിലെ ആറാം ക്ലാസുകാരൻ കെ.അശ്വിൻ രാജ് (11) ക്വിസ് മത്സരങ്ങളിൽ വിജയ യാത്ര നടത്തുന്നു .വിദ്വാൻ പി സ്മൃതി ദിനത്തോടനുബന്ധിച്ച് വിദ്വാൻ പിയും സ്വാതന്ത്യ സമരവും എന്ന വിഷയത്തിൽ കാഞ്ഞങ്ങാട് പി സ്മാരക മന്ദിരത്തിൽ നടന്ന മത്സരത്തിലാണ് ഈ കുട്ടി അവസാനമായി സമ്മാനം നേടിയത്. സംഗീതജ്ഞൻ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസൻ മാസ്റ്റർ സമ്മാനം നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി.പ്രഭാകരൻ, നാടക പ്രവർത്തകൻ എസ്.ഗോവിന്ദ് രാജ് തുടങ്ങിയവർ സംബന്ധിച്ചു. കെപിഎസ്ടിഎ സ്വദേശ് മെഗാ ക്വിസിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ദേശാഭിമാനി അക്ഷരമുറ്റം ക്വിസിൽ സംസ്ഥാന തലത്തിൽ രണ്ടും ജനയുഗം അറിവുത്സവത്തിൽ മൂന്നാം സ്ഥാനവും നേടി. എസ്.സി.ഇ.ആർ.ടി ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ന്യൂമാത്സ്, സ്റ്റെപ്സ് പരീക്ഷകളിൽ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഐഎംഎഎംഎ ജില്ലാ ടാലൻ്റ് ഫെസ്റ്റ്, കാസർകോട് ജില്ലാ സ്കൂൾ കലോത്സവം സംസ്കൃതം പ്രശ്നോത്തരി മത്സരം, സോഷ്യൽ ക്ലബ് ജില്ലാ ഫ്രീഡം ക്വിസ്, കാസർകോട് ജില്ലാ ക്വിസ് അസോസിയേഷൻ്റെ പ്രതിമാസ ക്വിസ് പരിപാടികൾ എന്നിവയിൽ ഒന്നാം സ്ഥാനം നേടി. ഹൊസ്ദുർഗ് ബിആർസി നടത്തിയ ഉണർവ് മെഗാ ക്വിസിൽ ഒന്നാം സ്ഥാനം നേടിയതിന് സ്വർണ നാണയം സമ്മാനമായി ലഭിച്ചു. വിവിധ വായനശാലകളും ക്ലബുകളും പ്രാദേശികമായി നടത്തിയ നിരവധി ക്വിസ് മത്സരങ്ങളിൽ വിജയിയായി.
നീലേശ്വരം തളിയിൽ ക്ഷേത്ര സമീപത്തെ തളിയിൽ പൂജാ സ്റ്റോർ ഉടമ പടിഞ്ഞാറ്റംകൊഴുവലിലെ പൈനി വടക്കേ വീട്ടിൽ രാജേഷിൻ്റെയും കെ. ഉമാവതിയുടെയും മകനാണ്.