റായ്‌പൂർ: ഛത്തീസ്ഗഢിൽ ആദ്യഘട്ട ലോക്‌സഭ തിരഞ്ഞെടുപ്പ് വെള്ളിയാഴ്‌ച നടക്കാനിരിക്കെ
സുരക്ഷാസേന 29 മാവോയിസ്റ്റുകളെ വധിച്ചു. തലയ്ക്ക് 25 ലക്ഷം വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് ശങ്കർ റാവു ഉൾപ്പെടെയുള്ളവരെയാണ് വധിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. 18 മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കങ്കർ ജില്ലയിലെ ബിനഗുണ്ട, കൊറോനാർ ഗ്രാമങ്ങൾക്കിടയിലുള്ള ഹപതോല വനത്തിൽ അതിർത്തി രക്ഷാസേനയുടെയും (ബി.എസ്.എഫ്) സംസ്ഥാന ജില്ല റിസർവ് ഗാർഡിന്റെയും (ഡി.ആർ.ജി) സംയുക്ത പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് സംഘം പട്രോളിംഗിനെത്തിയത്.
മണിക്കൂറുകളോളം നീണ്ട ഏറ്രുമുട്ടൽ തുടരുകയാണ്. ഏഴ് എ.കെ 47 തോക്കുകളും മൂന്ന് എൽ.എം.ജികളും ലൈറ്റ് മെഷീൻ ഗണ്ണുകളും ഉൾപ്പെടെ നിരവധി ആയുധങ്ങളും കണ്ടെടുത്തു. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരുടെ നില തൃപ്‌തികരമാണ്. കൂടുതൽ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.കാങ്കർ ജില്ലയിൽ മാത്രം 60,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സംസ്ഥാനത്ത് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകൾ ശക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ കങ്കറിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്പുണ്ടായിരുന്നു. ദന്തേവാഡ ജില്ലയിലെ ബന്ദയിൽ പോളിംഗ് സ്റ്റേഷന് സമീപം വിന്യസിച്ച ഡി.ആർ.ജി ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.കനത്ത സുരക്ഷസംസ്ഥാനത്ത് 19, 26, മേയ് ഏഴ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് ലോക്‌സഭ തിരഞ്ഞെടുപ്പ്. ഇതോടനുബന്ധിച്ച് ബസ്തർ അടക്കം മാവോയിസ്റ്റ് സ്വാധീനമുള്ള മേഖലകളിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളിലുൾപ്പെടെ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകൾ ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ ഛത്തീസ്ഗഢിൽ മാത്രം 13 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. നിരവധി തവണ ഏറ്റുമുട്ടലുകൾ ഉണ്ടായി. വൻ ആയുധ ശേഖരവും പിടികൂടി.