യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച. സേലത്തിനും ധര്‍മ്മപുരിക്കും ഇടയില്‍ വച്ചാണ് ട്രെയിനില്‍ ഇന്ന് പുലര്‍ച്ചെ കൂട്ട കവര്‍ച്ച നടന്നത്. ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവും മറ്റും നഷ്ടപ്പെട്ടു. എസി കോച്ചുകളിലാണ് പ്രധാനമായും കവര്‍ച്ച നടന്നത്.
ഹാൻഡ് ബാഗുകളും പാന്‍റ്സിന്‍റെ കീശയില്‍ സൂക്ഷിച്ചിരുന്ന ഫോണും ആഭരണവുമാണ് മോഷ്ടിക്കപ്പെട്ടത്. പണവും മറ്റ് വസ്തുക്കളും കവർന്ന മോഷണസംഘം ബാഗുകള്‍ ട്രെയിനിലെ ശുചിമുറികളിലെ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. യാത്രക്കാർ ബാഗുകള്‍ കണ്ടെത്തിയതോടെയാണ് മോഷണം നടന്നതായി മനസിലാക്കിയത്.
യാത്രക്കാർ നല്ല ഉറക്കത്തിലായിരുന്ന സമയത്താണ് കവർച്ച നടന്നത്. അതിനാൽ ആരുംതന്നെ മോഷ്ടാക്കളെ കണ്ടിട്ടില്ലെന്നാണ് റിപ്പോർട്ട്.ചിലരുടെ പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന പണംവരെ കവർന്നിട്ടുണ്ട്. സേലം കേന്ദ്രീകരിച്ചുള്ള കവർച്ചാസംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് റെയിൽവേ പൊലീസ് സംശയിക്കുന്നത്. മോഷ്ടിക്കപ്പെട്ട ഐ ഫോൺ ട്രേസ് ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. യാത്രക്കാരുടെ പരാതിയെത്തുടർന്ന് അന്വേഷണം ആരംഭിച്ചു. പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് പുറപ്പെട്ടവരാണ് മോഷണത്തിനിരയായവരിൽ കൂടുതൽ. അവധിയായതിനാൽ കൂടുതൽ യാത്രക്കാർ ഉണ്ടാവുമെന്ന് മനസിലാക്കിയായിരിക്കാം മോഷ്ടാക്കൾ എത്തിയതെന്നാണ് കരുതുന്നത്.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, സേലം പ്രദേശങ്ങളിലെ തിരുട്ടുഗ്രാമം കേന്ദ്രീകരിച്ച് വൻ മോഷണ സംഘങ്ങളാണ് വിലസുന്നത്.ഇവിടെനിന്നുള്ള ചിലർ കേരളത്തിൽ സംഘംചേർന്ന് മോഷണം നടത്തുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. കായികശേഷിയുള്ളവരാണ് മോഷ്ടാക്കൾ. അടിവസ്ത്രം മാത്രം ധരിച്ച് മുഖംമൂടി ധരിച്ചാണ് സംഘത്തിന്റെ വരവ്. മോഷണശ്രമം എതിർക്കുന്നവരെ ആയുധം ഉപയോഗിച്ച് ആക്രമിക്കും. ഒരേ ദിവസം പ്രദേശത്തെ നിരവധി വീടുകളിൽ കയറുന്നതാണ് സംഘത്തിന്റെ രീതി. പകൽ സമയം വിൽപ്പനക്കാരായും ആക്രിപെറുക്കുകാരായും എത്തുന്ന ഇവർ രാത്രിയിലാണ് മോഷണത്തിനെത്തുന്നത്.