വേനൽചൂടില്‍ പക്ഷികള്‍ക്ക് ദാഹജല മൊരുക്കി പയ്യന്നൂരിൽ പോലീസ് സേന. ജനമൈത്രി പോലീസ് സംവിധാന കാലത്ത് കണ്ണൂരിൽപെരുമ നേടിയ ഡി.വൈ.എസ്.പി .എ ഉമേഷിൻ്റെ നേതൃത്വത്തിലാണ് പക്ഷികള്‍ക്ക് തണ്ണീർ കുടമൊരുക്കിയത്.
വേനല്‍ ചൂടില്‍ തെളിനീര്‍ തേടിവലയുന്ന പറവകള്‍ക്കും അണ്ണാരക്കണ്ണനും കുടി വെളളം ഒരുക്കുകയെന്നതാണ് തണ്ണീർ കുടം പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് പയ്യന്നൂർ ഡി.വൈ.എസ്.പി എ ഉമേഷ് പറഞ്ഞു.
പയ്യന്നൂർ ഡി.വൈ.എസ്.പി ഓഫീസിന് കീഴിലെ പയ്യന്നൂർ, പെരിങ്ങോം, ചെറുപുഴ, പഴയങ്ങാടി, പരിയാരം സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ സ്ഥലങ്ങളിലായി മുപ്പതോളം മൺചട്ടികളാണ് തണ്ണീർകുടം പദ്ധതിക്കായി ഉപയോഗിക്കുന്നത്.
പയ്യന്നൂരിൽ പയ്യന്നൂർ പോലീസ് സ്റ്റേഷൻ, ഗാന്ധിസ്മൃതി മ്യൂസിയം, ഗാന്ധി പാർക്ക്, കണ്ടോത്ത് പെട്രോൾ പമ്പ് എന്നിവിടങ്ങളിലാണ് തണ്ണീർകുടം ഇതിനകം സ്ഥാപിച്ചത്. സ്ഥാപനങ്ങളിലെയും മറ്റും പ്രതിനിധികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പയ്യന്നൂർ ഡി.വൈ.എസ്.പി എ ഉമേഷ് , പയ്യന്നൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ജീവൻ ജോർജ്ജ്, കൺട്രോൾ റൂം എസ്.എച്ച്.ഒ ജയൻ, എസ്.ഐ. എം.കെ. രഞ്ജിത്ത് , എസ്.ഐമാരായ സത്യൻ കെ, അനിൽകുമാർ, രാജിത്ത്, പ്രകാശൻ എന്നിവർ സംബന്ധിച്ചു.