കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്കേസില്‍ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനാണ് നോട്ടീസ് നൽകിയത്. ബുധനാഴ്ച ഹാജറാകണമെന്നാണ് നിര്‍ദ്ദേശം. സമൻസ് കിട്ടിയിട്ടില്ലെന്ന് എം എം വർഗീസ് പ്രതികരിച്ചു. പാർട്ടിയുമായി ആലോചിച്ച ശേഷമേ ഹാജരാകുന്നതിൽ തീരുമാനം എടുക്കുവെന്ന് എം എം വർഗീസ് അറിയിച്ചു.
കരുവന്നൂർ കേസിൽ നേരത്തെ മൂന്നു തവണ എംഎം വർഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു. പാർട്ടിയുടെ അറിവോടുകൂടിയാണ് ബിനാമി അക്കൗണ്ടുകൾ ബാങ്കിൽ ഉണ്ടായിരുന്നതെന്നും അതിനായി ചില നേതാക്കൾ ഇടപെടൽ നടത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. എങ്ങനെയാണ് അക്കൗണ്ടുകൾ ബാങ്കിലെത്തിയതെന്ന് ഈ ഫണ്ടുകൾ വഴി ഏതെങ്കിലും തരത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നതുൾപ്പെടെ പരിശോധിച്ചുവരികയാണ്.
കരുവന്നൂർ കേസിൽ ആദ്യ ഘട്ട കുറ്റപത്രം ഇഡി നൽകിയിരുന്നു. ഇതിന് ശേഷം ഇപ്പോൾ കടുത്ത നടപടികളിലേക്ക് ഇഡി കടക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് എംഎം വർഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ഇഡി ഒരുങ്ങുന്നത്. കേസിൽ കൂടുതൽ നേതാക്കളെ നോട്ടീസ് നൽകി വിളിച്ചുവരുത്തിയേക്കുമെന്നാണ് ഇഡി വൃത്തങ്ങളിൽ നിന്ന് ലഭ്യമാകുന്ന വിവരം.