കോഴിക്കോട്:കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ട സംഭവം ഗൗരവമുള്ളതാണെന്ന് പിണറായി വിജയൻ പറഞ്ഞു. സമൂഹത്തില്‍ ഞെട്ടലുണ്ടാക്കിയ വിധിയാണിത്. റിയാസ് മൗലവി വധക്കേസില്‍ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. കോടതി വിധി ഗൗരവത്തിലുള്ള പ്രശ്നമാണ്. വധക്കേസില്‍ ജാഗ്രതയുടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. പെട്ടെന്ന് തന്നെ പ്രതികളെ പിടികൂടി. ശക്തമായ നടപടി പൊലീസ് സ്വീകരിച്ചിരുന്നു. കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിച്ചു. പ്രതികൾ ഏഴ് വർഷം ജാമ്യം ലഭിക്കാതെ ജയിലിൽ കിടന്നത് പൊലീസിന്റെ അന്വേഷണ മികവ് കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിയാസ് മൗലവി ഭാര്യയുടെ ആവശ്യപ്രകാരമാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. റിയാസ് മൗലവിയുടെ ഭാര്യ നിര്‍ദേശിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടറെയാണ് നിയമിച്ചത്. അന്വേഷണത്തിലും നടത്തിപ്പിലും സുതാര്യതയുണ്ടായിരുന്നു. ഒരു ഘട്ടത്തിലും പരാതി ഉയർന്നില്ല. സർക്കാർ ഈ വിഷയത്തിൽ ആത്മാർത്ഥത പുലർത്തിയത് കുടുംബവും എടുത്തു പറഞ്ഞിട്ടുണ്ട്. ഒരു തരത്തിലുള്ള അശ്രദ്ധയും ഉണ്ടായിട്ടില്ല. വിധിന്യായം സമൂഹത്തില്‍ ഞെട്ടല്‍ ഉണ്ടാക്കി. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കും. ഒരുപാട് തെറ്റിദ്ധാരണ ഉണ്ടാക്കാൻ ചിലര്‍ ശ്രമിക്കുന്നു. സര്‍ക്കാരിനെ താറടിക്കാൻ ശ്രമിക്കുകയാണ്. ആവശ്യമായ എല്ലാ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. യുഎപിഎ ചുമത്തേണ്ട കാര്യമില്ല. യുഎപിഎ ചുമത്താനുള്ള അപേക്ഷ ഹൈക്കോടതി വിചാരണ കോടതിക്കാണ് വിട്ടത്. യുഎപിഎയെ എതിർക്കുന്നവർ തന്നെയാണോ ഇത് ചുമത്തണം എന്ന് പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
റിയാസ് മൗലവി വധിക്കേസില്‍ പ്രതികളെ വെറുതെവിട്ട കോടതി വിധിയില്‍ സര്‍ക്കാരിനെതിരെ സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയതിനിടെയാണ് ഇക്കാര്യത്തില്‍ പിണറായി വിജയൻ വിശദീകരണവുമായി രംഗത്തെത്തിയത്.