മദ്യനയ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്ത നടപടിക്കെതിരായ ഹർജി പിൻവലിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഹർജി പിൻവലിക്കുകയാണെന്ന് അഭിഭാഷകൻ അഭിഷേഖ് മനു സിങ്‍വി കോടതിയെ അറിയിച്ചു. കെജ്‍രിവാൾ സമർപ്പിച്ച ഹർജി മൂന്നംഗ ബെഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് ഹർജി പിൻവലിച്ചിരിക്കുന്നത്.
സുപ്രീം കോടതിയിൽ അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ ഇഡി കവിയറ്റ് ഹർജി നൽകിയിരുന്നു. ഇഡിയുടെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്നാണ് ഹർജിയിലെ ആവശ്യം. ഇതിന് പിന്നാലെയാണ് കെജ്രിവാൾ താൻ നൽകിയ ഹർജി പിൻവലിച്ചത്.
അതേസമയം അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിൽ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുയാണ്. ഐടിഒ പരിസരത്ത് നിന്ന് ബിജെപി ഓഫീസിലേക്ക് മാർച്ചിനൊരുങ്ങിയ ആം ആദ്മി പ്രവർത്തകരെ പൊലീസ് തടഞ്ഞത് വൻ സംഘർഷത്തിന് ഇടയാക്കി. റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രിമാരായ അതിഷി മർലേനയും സൗരഭ് ഭരദ്വാജിനെയും പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്.