പ്രചരണ പ്രവർത്തനം കത്തിപ്പടരുമ്പോൾ മഞ്ചേശ്വരത്ത് ബിജെപിയിലെ ഉള്‍പ്പോര് രൂക്ഷമയത് നേതൃത്വത്തെ ആശങ്കയിലാക്കി. തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത ശില്പശാലയടക്കം ഒരു വിഭാഗം പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തിയതോടെ കാസര്‍കോട്ടെ എൻഡിഎ സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിക്കില്ലെന്ന് ഇവരെ അനുകൂലിക്കുന്നവര്‍ തീരുമാനിച്ചതാണ് ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കിയത്
എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംഎല്‍ അശ്വിനിക്കായുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാനും ഏകോപിപ്പിക്കാനുമായി ഇന്നലെ മഞ്ചേശ്വരം കണ്വതീര്‍ത്ഥയിൽ സംഘടിപ്പിച്ച പ്രവര്‍ത്തക ശില്പശാല ഒരു വിഭാഗം പ്രവർത്തകർ അലങ്കോലമാക്കി.
ശില്പശാല തുടങ്ങും മുമ്പേ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത് വാക്കുതര്‍ക്കത്തിലേക്ക് വഴിമാറി. ബിജെപി ജില്ലാ വൈസ് പ്രസിഡന്‍റ് സുധാമ ഗോസാഡയോട് രൂക്ഷമായ ഭാഷയിൽ പ്രവര്‍ത്തകര്‍ സംസാരിച്ചു. ഒരു വിഭാഗത്തെ മാറ്റി നിര്‍ത്തുന്ന നിലപാട് തിരുത്തിയില്ലെങ്കില്‍ അശ്വിനിക്കായി പ്രവര്‍ത്തിക്കാന്‍ ആരും ഇറങ്ങില്ലെന്ന് ഇവര്‍ തീര്‍ത്തു പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം നടന്നത്
പ്രതിഷേധം ശക്തമായതോടെ ശില്പശാല നടത്താനാവാതെ ഉപേക്ഷിച്ചു. 2022 ഫെബ്രുവരിയില്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടുന്നത് വരെയെത്തിയ പ്രതിഷേധത്തോടെയാണ് പാര്‍ട്ടിയിലെ ഉൾപ്പോര് പരസ്യമായത്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പാര്‍ട്ടിയിലെ അസംതൃപ്ത വിഭാഗത്തെ എത്രയും വേഗം അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി.