ദേശീയപാതയിൽ നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപ്പാലത്തിൽ വിള്ളൽ വീണു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു മൂന്നുമാസം തികയും മുമ്പേയാണ് പാലത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാര്യംകോട് ഭാഗത്തെ അപ്പ്രോച്ച് റോഡ് തുടങ്ങുന്നിടത്താണ് പാലത്തിൽ വിള്ളൽ വീണത്. പാലത്തിൻറെ നിർമ്മാണ സമയത്ത് തന്നെ നാട്ടുകാർ നിർമ്മാണത്തിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിക്കുകയുണ്ടായി. എന്നാൽ അന്ന് നാട്ടുകാരുടെ പരാതി അധികൃതർ ഗൗനിച്ചിരുന്നില്ല. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് 68 കോടി രൂപ ചെലവിട്ട് മേൽപ്പാലം നിർമാണം പൂർത്തിയാക്കിയത് 780 മീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലുമുള്ള നാലുവരിപ്പാതയാണിത്. എട്ടു തൂണുകളിലായി സ്ഥാപിച്ച 26 ഗർഡറുകളാണ് പാലത്തിനുള്ളത്. എന്നാൽ ഇപ്പോൾ വിള്ളൽ വീണത് ജനങ്ങളെയാകെ ആശങ്കയിലാക്കിയിട്ടുണ്ട്.