ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഏപ്രിൽ 19ന്. രണ്ടാം ഘട്ടം ഏപ്രിൽ 26ന്. മൂന്നാം ഘട്ടം മെയ് ഏഴിന്, നാലാം ഘട്ടം മെയ് 13ന്, അഞ്ചാം ഘട്ടം മെയ് 20ന്. ആറാം ഘട്ടം മെയ് 25ന്. ഏഴാം ഘട്ടം ജൂണ്‍ ഒന്നിനും നടക്കും. ജൂൺ നാലിന് വോട്ടെണ്ണൽ. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കും. ഏഴ് സംസ്ഥാനങ്ങളിലെ 26 നിയമസഭാ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കും.
ആകെ 96.8 കോടി വോട്ടർമാരാണുള്ളത്. 10.5 ലക്ഷം പോളിങ് സ്റ്റേഷനുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും 55 ലക്ഷം ഇവിഎമ്മുകളും 4 ലക്ഷം വാഹനങ്ങളുമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.
47.1 കോടി സ്ത്രീ വോട്ടർമാരാണ്. 49.7 കോടിയാണ് പുരുഷ വോട്ടർമാർ.8000 ട്രാൻസ്ജെൻഡേഴ്സും വോട്ട് രേഖപ്പെടുത്തും. 1.8 കോടി പേർ കന്നി വോട്ടർമാരാണ്. 19.7 കോടി വോട്ടർമാരും 20 മുതൽ 29 വയസ്സ് വരെ പ്രായമുള്ളവരാണ്. 85 വയസ്സിനു മുകളിൽ 82 ലക്ഷം വോട്ടർമാരാണുള്ളത്. 85 വയസിന് മുകളിലുള്ളവര്‍ക്ക് വീടുകളില്‍ വോട്ട് ചെയ്യാം
ഡൽഹി വിജ്ഞാൻ ഭവനിലെ വാർത്താസമ്മളനത്തിൽ മുഖ്യ കമ്മിഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്. കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവരും സംബന്ധിച്ചു.