ന്യൂഡൽഹി: കേരളത്തിന് നിബന്ധനകളോടെ 5000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കാമെന്ന നിലപാടിലുറച്ച് കേന്ദ്രം. തുക തികയില്ലെന്നും ചുരുങ്ങിയത് 10,000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്നാണ് കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. അവകാശപ്പെട്ട കേന്ദ്രഫണ്ടുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ സുപ്രീം കോടതി വിശദമായ വാദംകേള്‍ക്കും.
ഹരജി ഈ മാസം 21 ന് വീണ്ടും പരിഗണിക്കും. ഇന്നലെ കേരളത്തിന് അനുകൂല നിലപാടാണ് സുപ്രിംകോടതി സ്വീകരിച്ചത്. സംസ്ഥാനത്തിന് അടിയന്തര രക്ഷാ പാക്കേജ് അനുവദിക്കാനായിരുന്നു കോടതി നിർദേശം.ശമ്പളവും പെൻഷനും മുടങ്ങിയ സാഹചര്യത്തിലാണ് രക്ഷാപാക്കേജ് നൽകാൻ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. എല്ലാ ചർച്ചകളും പൂർണമായും പരാജയപ്പെട്ടെന്നും കോടതി ഇടപെടൽ വേണമെന്നും കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അഭ്യർത്ഥിച്ചിരുന്നു.