തിരുവനന്തപുരം: ഇ പോസ് സംവിധാനം തകരാറിലായതോടെ സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങി. ഇന്നലെയും റേഷൻ വിതരണം മുടങ്ങിയിരുന്നു. മസ്റ്ററിംഗ് നടക്കുന്നതിനാല്‍ റേഷൻ കടകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം വന്നിരുന്നു.
ഇന്ന് മുതല്‍ ശനിയാഴ്ച വരേക്കാണ് പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്തിയിരുന്നത്. എന്നാല്‍ സമയക്രമം മാറ്റിയതിലും ഫലമുണ്ടായില്ല. ഇ പോസ് പ്രവര്‍ത്തിക്കാതായതോടെ റേഷൻ വിതരണം ഇന്നും മുടങ്ങുകയായിരുന്നു.
രാവിലെ 8 മുതൽ ഒരു മണി വരെ 7 ജില്ലകളിൽ മാത്രമായി റേഷൻ സമയം ക്രമീകരിച്ചിരുന്നു. ഇവിടങ്ങളിൽ രാവിലെ മുതൽ തന്നെ ഇപോസ് പണി മുടക്കി. ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് ബാക്കി 7 ജില്ലകളിൽ റേഷൻ വിതരണ സമയം.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെയും ബുധൻ, ശനി ദിവസങ്ങളിൽ വൈകിട്ടുമാണ് റേഷൻ കടകൾ പ്രവർത്തിക്കുക. അതേസമയം, തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ബുധൻ, ശനി ദിവസങ്ങളിൽ രാവിലെയും, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ വൈകിട്ടുമാണ് റേഷൻ കടകളുടെ പ്രവർത്തനം. സെർവർ ഓവർലോഡ് ഒഴിവാക്കാനും, റേഷൻ വിതരണം ത്വരിതപ്പെടുത്താനും സമയക്രമം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, മാർച്ച് 8-ന് റേഷൻ കടകൾക്ക് അവധിയാണ്.