വെറ്ററിനറി സർവകലാശാലാ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കെഎസ്‌യുവിൻ്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, സർവകലാശാലാ തല പരീക്ഷകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സെക്രട്ടറിയേറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ, കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് എന്നിവർ നടത്തുന്ന നിരാഹാര സമരം പുരോഗമിക്കുകയാണ്. പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം സി ബി ഐ അന്വേഷിക്കുക, വെറ്റിനറി സർവകലാശാല ഡീനിനെയും ഉത്തരവാദികളായ അധ്യാപകരെയും പിരിച്ചുവിട്ടു കേസിൽ പ്രതി ചേർക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം. സമാന ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിലേക്ക് ഇന്ന് കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാർച്ചും നടത്തും.
സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. ക്രിമിനൽ ഗൂഢാലോചന കുറ്റം കേസിൽ ഇന്നലെ 18 പ്രതികൾക്കുമെതിരെചുമത്തിയിരുന്നു. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന കുറ്റം ചുമത്തിയത്.
സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിഷയത്തിൽ കോളേജ് ഡീനിനോടും അസിസ്റ്റൻറ് വാർഡനോടും പുതുതായി ചുമലയേറ്റ വൈസ് ചാൻസിലർ വിശദീകരണം ചോദിച്ചിരുന്നു. രണ്ടു ദിവസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും ഇന്ന് പത്തരയ്ക്ക് മുമ്പാകെ വിശദീകരണം നൽകണമെന്നാണ് വൈസ് ചാൻസിലർ ആവശ്യപ്പെട്ടത്. മരണവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് ഇരുവരും സമർപ്പിക്കുന്ന വിശദീകരണം എന്നാണ് സൂചന. ഇരുവരെയും സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാനാണ് സർക്കാരിന്റെയും യൂണിവേഴ്സിറ്റിയുടെയും ശ്രമം. അതേസമയം അക്രമ സംഭവങ്ങളുടെ തുടർച്ച ഉണ്ടായ സാഹചര്യത്തിൽ യൂണിവേഴ്സിറ്റിയിൽ ഇന്നുമുതൽ പത്താം തീയതി വരെ അധ്യയനം നടക്കുന്നില്ല.