കാസര്‍കോട് ജില്ലാ പഞ്ചായത്ത് സംസ്ഥാന സംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ‘സമം സാംസ്‌കാരികോത്സവം’ മൂന്നാം പതിപ്പ് സമം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാഹിത്യം -ബിന്ദു മരങ്ങാട്, കല – സി.പി ശുഭ, വിദ്യാഭ്യാസം -ഭാര്‍ഗവി കുട്ടി കോറോത്ത്, പൊതുപ്രവര്‍ത്തനം -എം ലക്ഷ്മി, കൃഷി – മുംതാസ് അബ്ദുല്ല, ആരോഗ്യം – ഡോ. രാജി രാജന്‍, തുളു സിനിമ -രൂപ വോര്‍ക്കാടി, വനിതാ സംരംഭക -മല്ലിക ഗോപാല്‍, പ്രവാസി സംരംഭക -നജില മുഹമ്മദ് സിയാദ്, ഭിന്നശേഷി -പി.ആര്‍.വൃന്ദ, സംഗീതം – ആര്‍.എല്‍.വി ചാരുലത എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍. ഫെബ്രുവരി 28, 29 തീയതികളില്‍ കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് സമം സാംസ്‌കാരികോത്സവം നടക്കുക.
28ന് രാവിലെ 10ന് മുന്‍ മന്ത്രി പി.കെ.ശ്രീമതി ഉദ്ഘാടന നിര്‍വ്വഹിക്കും. വജ്രോത്സവം വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്‍മാര്‍ അണിയിച്ചൊരുക്കുന്ന കലാപരിപാടികള്‍, ജില്ലാ തല കൈക്കോട്ടി കളി മത്സരം, ജില്ലാ തല നാടന്‍പാട്ട് മത്സരം, ഭരണ ഘടനാ ക്വിസ്സ് മത്സരം, സ്ത്രീ സമത്വ സംവാദം, തേക്കിന്‍ കാട് ബാന്‍ഡ് ആട്ടം കലാസമിതി തൃശ്ശൂര്‍, മികച്ച പഞ്ചായത്തുകള്‍ക്കുള്ള ആദരം എന്നിവ നടക്കും.
29ന് വൈകിട്ട് അഞ്ചിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സമം അവാര്‍ഡ് ദാനം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.എന്‍.സരിത സ്വാഗതം പറയും. സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ജില്ലാ കോഓര്‍ഡിനേറ്റര്‍ പ്രവീണ്‍ നാരായണന്‍ പദ്ധതി വിശദീകരിക്കും. സ്വരാജ് ട്രോഫി, മഹാത്മാ പുരസ്‌കാരം തുടങ്ങിയവ ലഭിച്ച വലിയപറമ്പ്, നിലേശ്വരം ബ്ലോക്ക്, ചെറുവത്തൂര്‍, ബേഡഡുക്ക, മടിക്കൈ, പനത്തടി പഞ്ചായത്തുകള്‍ക്ക് ആദരം നല്‍കും. ജില്ലാ പഞ്ചായത്ത് സണ്‍ഡേ തിയേറ്ററിലെ കുട്ടികള്‍ക്കായി നിര്‍മ്മിക്കുന്ന ‘പച്ചതെയ്യം ‘ സിനിമ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തും. 11 മണി മുതല്‍ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ഭരണഘടന ക്വിസ്സ് മത്സരവും നടക്കും.