കൊയിലാണ്ടി സിപിഐഎം നേതാവിനെ കൊലപ്പെടുത്തിയതിനു പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് നിലവിലെ നിഗമനം എന്ന് കോഴിക്കോട് റൂറൽ എസ് പി അരവിന്ദ് സുകുമാർ. സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തും. കൃത്യത്തിൽ മറ്റാർക്കും പങ്കില്ല. അഭിലാഷ് മാത്രമേ ഉള്ളൂ എന്നാണ് നിഗമനം. അഭിലാഷ് കുറ്റം സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും കോഴിക്കോട് റൂറൽ എസ് പി പ്രതികരിച്ചു.
ഇന്നലെ ക്ഷേത്രോത്സവത്തിനിടെയാണ് കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ പ്രതി സത്യനാഥനെ ആക്രമിക്കുയായിരുന്നു. ശരീരത്തിൽ മഴുകൊണ്ട് നാലിലധികം വെട്ടേറ്റ് വീണ സത്യനാഥനെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മുന്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമായ അഭിലാഷിനെ ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കൊയിലാണ്ടി നഗരസഭാ ചെയര്‍മാനായിരുന്ന കെ സത്യന്‍റെ ഡ്രൈവറായിരുന്നു.
കൊലപാതക വിവരം അറിഞ്ഞ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രിയിലെത്തി. പാർട്ടി ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് പോലീസ് കണ്ടെത്തട്ടെ എന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പ്രതികരിച്ചു. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയം ഉണ്ടോ എന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും മോഹനൻ പറഞ്ഞു.