സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.
സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ പകല്‍ 11 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ പി.എച്ച്.സി/സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും, താലൂക്ക്/ജില്ലാ/ജനറല്‍ ആശുപത്രി/മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമാര്‍ക്കും അടിയന്തിര നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യാതപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. ഇവര്‍ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളിയ കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ട്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും.
ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടേണ്ടതുമാണ്. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്നതിനെയാണ് ഹീറ്റ് റാഷ് എന്ന് പറയുന്നത്. കുട്ടികളെയാണ് അത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.