ഉയര്‍ന്ന ചിലവിന്റെ പേരില്‍ ആര്‍ക്കും ചികിത്സ പ്രാപ്യമാകാതെ പോകരുത് എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളാണ് നാട്ടില്‍ നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിച്ച ഐസോലേഷന്‍ വാര്‍ഡ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗര പ്രദേശങ്ങളിലുള്ള ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനായിട്ടാണ് നിലവില്‍ 102 നഗര കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് കൂടാതെ സംസ്ഥാനത്തെ 93 നഗര പ്രദേശങ്ങളിലായി 380 നഗര ജനകീയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സൗജന്യവും സമഗ്രവുമായ ചികിത്സ ലഭ്യമാക്കാനായിട്ടാണ് നഗര ജനകീയ ആരോഗ്യ കുടുംബ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലത്തിലും ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള പത്ത് കിടക്കകളടങ്ങിയ എെസോലേഷന്‍ വാര്‍ഡ് നിര്‍മ്മിക്കാനുള്ള പദ്ധതി നേരത്തെ ആരംഭിച്ചതാണ്. കഴിഞ്ഞ വര്‍ഷം 10 ഐസോലേഷന്‍ വാര്‍ഡ് സ്ഥാപിച്ചിരുന്നു. 37 ഐസോലേഷന്‍ വാര്‍ഡ് കൂടി ഇന്ന് നാടിന് സമര്‍പ്പിക്കുകയാണ്. ആകെ 150 കോടിയാണ് പദ്ധതിയുടെ ചിലവ്. അപൂര്‍വ്വരോഗ പരിചരണത്തിനായി കേരള യുണൈറ്റഡ് എഗെയ്ന്സ്റ്റ് റെയര്‍ ഡീസിസസ് (കെയര്‍ ) എന്ന പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. അപൂര്‍വ്വരോഗ ചികിത്സാ രംഗത്ത് കേരളത്തിന്റെ നിര്‍ണ്ണായക ചുവടുവെപ്പാണ് ഈ പദ്ധതി. അപൂര്‍വ്വരോഗങ്ങള്‍ നേരത്തെ കണ്ടെത്താനും പ്രതിരോധിക്കാനും നിലവില്‍ ലഭ്യമായിട്ടുള്ള ചികിത്സ ലഭ്യമാക്കാനും ഗൃഹകേന്ദ്രീകൃത സേവനങ്ങള്‍ ഉറപ്പുവരുത്താനും മാതാപിതാക്കള്‍ക്കുള്ള മാനസിക – സാമൂഹിക പിന്തുണ ഉറപ്പുവരുത്താനും ഉതകുന്ന ഒരു സമഗ്ര പരിചരണ പദ്ധതി തയ്യാറാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത് – മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ആരോഗ്യ, വനിത – ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.
എ.കെ.എം അഷ്റഫ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. മംഗല്‍പാടി താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഫാത്തിമത്ത് റുബീന , മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജീന്‍ ലവീന മൊന്തേരോ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. ഷംസീന, ജില്ലാ പഞ്ചായത്ത് അംഗം ഗോള്‍ഡന്‍ റഹ്മാന്‍, മംഗല്‍പാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. ശാന്റി എന്നിവര്‍ സംബന്ധിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ. മുഹമ്മദ് ഹനീഫ് സ്വാഗതം പറഞ്ഞു.