തിരുവനന്തപുരം: വിസി നിയമനത്തിനായുള്ള സേര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനായി ചേര്‍ന്ന കേരള സര്‍വകലാശാല സെനറ്റ് യോഗത്തിൽ നാടകീയ രംഗങ്ങൾ.
മന്ത്രി ആര്‍ ബിന്ദു യോഗത്തിൽ പങ്കെടുക്കുകയും അധ്യക്ഷ സ്ഥാനം സ്വയം ഏറ്റെടുക്കുകയും ചെയ്തതിനെതിരെ വിസി രംഗത്ത് വന്നു. വിസി നിയമനത്തിന് സേര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടെന്ന് ഇടത് അംഗം പ്രമേയം അവതരിപ്പിച്ചത് പാസായെന്ന് മന്ത്രി അറിയിച്ചു. പിന്നാലെ യോഗം പിരിഞ്ഞതായും മന്ത്രി പറഞ്ഞു. എന്നാൽ പ്രമേയം പാസായില്ലെന്നും താനാണ് യോഗം വിളിച്ചതെന്നും വ്യക്തമാക്കിയ വിസി, സേര്‍ച്ച് കമ്മിറ്റിയിലേക്ക് താൻ പേര് നൽകുമെന്നും വ്യക്തമാക്കി.
പ്രമേയത്തെ എതിര്‍ത്തത് 26 പേരാണ്. 65 പേര്‍ പ്രമേയം അംഗീകരിച്ചു. ഗവര്‍ണറുടെ നോമിനികളും യുഡിഎഫ് അംഗങ്ങളുമാണ് പ്രമേയത്തെ എതിര്‍ത്തത്. ഭൂരിപക്ഷ തീരുമാനം അംഗീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
പ്രോ ചാന്‍സലര്‍ എന്ന നിലയിലാണ് മന്ത്രി ആര്‍ ബിന്ദു യോഗത്തില്‍ പങ്കെടുത്തത്. സാധാരണ രീതിയില്‍ ചാന്‍സലറുടെ അഭാവത്തില്‍ സര്‍വകലാശാല സെനറ്റിന്റെ അധ്യക്ഷത വഹിക്കാന്‍ പ്രോ ചാന്‍സലര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ മന്ത്രി പങ്കെടുക്കുന്നതില്‍ വിസി അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു.