ചന്തേര മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി രണ്ടാം തവണയും അണിയാൻ കഴിയുന്നതിൻ്റെ സന്തോഷത്തിലാണ് പിലിക്കോട്ടെ തെക്കുംകര ബാബുകർണമൂർത്തി. ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രപെരുങ്കളിയാട്ടത്തിൽ കോലധാരിയാവാൻ നിയുക്തനായ ഇദ്ദേഹം ക്ഷേത്രത്തോട് ചേർന്ന് ഒരുക്കിയ കുച്ചിലിൻ പ്രാർഥനയോടെയുള്ള വ്രതാനുഷ്ഠാനം തുടങ്ങി. വരച്ചുവെക്കൽ ചടങ്ങിലാണ് കർണ്ണമൂർത്തി കൊടിയിലവാങ്ങിയത്. 2024 ഫെബ്രുവരി 8 മുതലാണ് ചന്തേരയിൽ പെരുങ്കളിയാട്ടം.
ബാബു കർണ്ണമൂർത്തി 2016ൽ തൃക്കരിപ്പൂർ മുച്ചിലോട്ടാണ് ആദ്യമായി മുച്ചിലോട്ട് ഭഗവതിയെ കെട്ടിയാടിയത്. 2004-ൽ ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിൽ നിന്നു 26-ാം വയസ്സിലാണ് കച്ചും ചുരികയുമണിഞ്ഞ് കർണ്ണമൂർത്തി ആചാര സ്ഥനമേറ്റത്. ഒളവറക്കടവ് മുതൽ ഉദയം കുന്നുവരെയുള്ള നാട്ടിൽ തെയ്യം കെട്ടാനുള്ള അവകാശമാണ് കർണമൂർത്തി സ്ഥാനം. അമ്മാവൻ പരേതനായ പ്രസിദ്ധ തെയ്യം കലാകാരൻ തെക്കുംകര കണ്ണൻ കർണമൂർത്തിയുടെ പിൻമുറക്കാരനായാണ് ആചാരം കൈക്കൊണ്ടത്. വളരെ ചെറുപ്പത്തിൽ കുഞ്ഞിത്തെയ്യങ്ങൾ കെട്ടിയാടിയ ഇദ്ദേഹം 13-ാം വയസ്സു മുതലാണ് പ്രധാന തെയ്യക്കോലമണിയാൻ തുടങ്ങിയത്. മുച്ചിലോട്ട് ഭഗവതിയെ കെട്ടിയാടാൻ കഴിയുന്നത് ജന്മസാഫല്യമായി കരുതുകയാണദ്ദേഹം. ചന്തേരയിൽ പെരുങ്കളിയാട്ടം തിരുമാനിച്ചപ്പോൾതന്നെ ഭഗവതിയെ കെട്ടിയാടാനുള്ള ഒരുക്കങ്ങൾ മനസ്സിലാരംഭിച്ചിരുന്നു. മറ്റൊരുതെയ്യത്തിനുമില്ലാത്ത നടനവൈഭവമാണ് മുച്ചിലോട്ട് ഭഗവതിക്ക്. . മുച്ചിലോട്ട് ഭഗവതിക്ക് ചീനിക്കുഴലിൻ്റെ സംഗീതത്തിൽ, ചെണ്ട ഇടംതല കൊട്ടിയുള്ള ചെണ്ടയുടെ താളമാണ് ചെണ്ടയിലെ സൗമ്യവാദ്യമാണിത്. 18 ആയുധങ്ങൾ അണിഞ്ഞ് പടക്കളത്തിലിറങ്ങുന്ന പടക്കത്തിഭഗവതിയെ കെട്ടിയാടുന്നതിനേക്കാൾ ആത്മബലം മു ച്ചിലോട്ട് ഭഗവതിയുടെ തിരുമൂടി അണിയാൻ വേണം. നീലേശ്വരം മൂലപ്പള്ളിയിലെ കെ.വി.കുഞ്ഞിക്കണ്ണൻറയും മാണിക്കുഞ്ഞിയുടെയും മകനാണ് ബാബു കർണ്ണമൂർത്തി.