കഴിഞ്ഞ ഒക്‌ടോബര്‍ 27 മുതല്‍ 29 വരെ ദുബായില്‍ നടന്ന അന്തര്‍ദേശീയ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ പങ്കെടുത്ത കായിക താരങ്ങളെ വഞ്ചിച്ച ട്രാവല്‍ സിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. ജില്ലാ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി പയ്യന്നൂരിലെ പി.പി.കൃഷ്ണന്റെ പരാതിയില്‍ കവ്വായിയിലെ എം.അബ്ദുള്‍ ഗഫൂര്‍, കണ്ണൂര്‍ തളാപ്പില്‍ പ്രവര്‍ത്തിക്കുന്ന സാസ് ഗ്രൂപ് ഓഫ് കമ്പനീസിന്റെ അക്കൗണ്ടന്റ് എം.കെ.ഉമൈബ, ഓഫീസ് മാനേജര്‍ സാന്ദ്ര സതീഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
ദുബായില്‍ നടന്ന അന്തര്‍ദേശിയ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ കായിക താരങ്ങളും കുടുംബാംഗങ്ങളുമുള്‍പ്പെടെ 25 പേര്‍ക്ക് ടൂര്‍ പാക്കേജ് വാഗ്ദാനം ചെയ്ത് 10,75,000 രൂപ ഈടാക്കി. ഒരാള്‍ക്ക് യാത്രാചെലവിനത്തില്‍ 46,000 രൂപ വീതവും താമസ സൗകര്യവുമാണ് ടൂര്‍ പാക്കേജില്‍ വ്യവസ്ഥ ചെയ്തിരുന്നത്. ഇവര്‍ നല്‍കിയ ടിക്കറ്റില്‍ ദുബായിലെത്തിയപ്പോഴാണ് തിരിച്ചുവരാനുള്ള ടിക്കറ്റുകള്‍ ക്യാന്‍സലാക്കിയതായി മനസിലായത്. തുടര്‍ന്ന് അബുദാബിയിലെ മലയാളി സമാജം പ്രവര്‍ത്തകരുടേയും പയ്യന്നൂര്‍ സൗഹൃദവേദി പ്രവര്‍ത്തകരുടേയും സഹകരണത്തോടെ ആറരലക്ഷം രൂപ സംഘടിപ്പിച്ചാണ് സംഘം നാട്ടിലേക്ക് തിരിച്ചെത്തിയത്. പിന്നീട് നടന്ന അനുരഞ്ജന ശ്രമങ്ങളെല്ലാം പാഴായപ്പോഴാണ് എഗ്രിമെന്റ് പ്രകാരമുള്ള സേവനങ്ങള്‍ നല്‍കാതെ പത്തേമുക്കാല്‍ ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിനെതിരെ കായികതാരങ്ങളും കുടുംബവും പോലീസിനെ സമീപിച്ചത്.