ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാം. പൂജ നടത്തുന്നത് തടയണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ധൃതി പിടിച്ച് ഉത്തരവ് നടപ്പാക്കിയെന്ന മുസ്ലിം വിഭാഗത്തിന്റെ വാദങ്ങൾ തള്ളിയ കോടതി, പൂജയ്ക്ക് ഇടക്കാല സ്റ്റേ നൽകണമെന്ന ആവശ്യം അംഗീകരിച്ചില്ല. കേസിൽ ജില്ലാ കോടതി ഉത്തരവിനെതിരെയുള്ള അപ്പീൽ എന്ന രീതിയിൽ ഹർജിയിൽ ഭേദഗതി വരുത്താൻ പള്ളിക്കമ്മറ്റിക്ക് കോടതി നിര്‍ദ്ദേശം നൽകി. ഒപ്പം ഗ്യാൻവാപി പള്ളിയിലും സമീപ പ്രദേശങ്ങളിലും ക്രമസമാധാനം ഉറപ്പിക്കാൻ ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നൽകി.
വാരാണസി ജില്ലാ കോടതി ഉത്തരവ് പ്രകാരം ഇന്നും പള്ളിയുടെ തെക്ക് ഭാഗത്തുള്ള നിലവറകളിൽ പൂജ നടത്തി.ജില്ലാ കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഗ്യാൻവാപി മസ്ജിദിൽ പൂജ നടന്നത്. കാശി വിശ്വനാഥ ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് തെക്കു വശത്തെ നിലവറയിൽ പൂജ നടത്തിയത്. പൂജയ്ക്കുള്ള സൗകര്യം ഒരുക്കാൻ ഒരാഴ്ചത്തെ സമയം കോടതി വാരാണസി ജില്ലാ മജിസ്ട്രേറ്റിന് നൽകിയിരുന്നു. എന്നാൽ ഒറ്റ രാത്രി കൊണ്ട് ഇതിന് സൗകര്യം ഒരുക്കി നൽകി മജിസ്ട്രേറ്റ് രാവിലെ പൂജയ്ക്ക് അനുവാദം നല്കി. ആരാധനയ്ക്ക് കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയത്. മുപ്പത് വർഷത്തിന് ശേഷമാണ് ഇവിടെ പൂജ ചടങ്ങുകൾ നടന്നത്.