കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർകോട് ജില്ലാ സമ്മേളനത്തിന് ശനിയാഴ്ച്ച പെരുമ്പള ഗവ: എൽ.പി.സ്കൂളിൽ തുടക്കമാവും. 4 ന് ഞായറാഴ്ച സമാപിക്കും. പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്നതാണ് സമ്മേളനത്തിൻ്റെ മുഖ്യ പ്രമേയം. സമ്മേളനത്തിൻ്റെ മുന്നോടിയായി തൃക്കരിപ്പൂർ, പരപ്പ കാഞ്ഞങ്ങാട്, കാസർകോട് മേഖലകളിൽ സംഘടിപ്പിച്ച ഗ്രാമശാസ്ത്ര ജാഥ വൻ വിജയമായി. ശാസ്ത്ര പുസ്തക പ്രചരണവും, ചോദ്യം എന്ന ലഘു നാടകവും നക്ഷത്രനിരീക്ഷണ ക്ലാസ്സുകളുമടക്കമുള്ള അനുബന്ധ പരിപാടികൾ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. നാളെ വൈകീട്ട് 3 മണിക്ക് പരിഷത്തിൻ്റെ മുൻ സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ കെ. പാപ്പൂട്ടി ഉദ്ഘാടനം ചെയ്യും. രാത്രി 7.30 ന് ജില്ലയിലെ പരിഷത് കലാ ജാഥകളിലെ കലാകാരന്മാരെ ആദരിക്കും. പരിഷത്ത് പ്രവർത്തകനും സിനിമാ നടനുമായ പി.പി. കുഞ്ഞികൃഷ്ണൻ പങ്കെടുക്കും.പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ എൻ. ശാന്തകുമാരി, ഡോ. എം.വി. ഗംഗാധരൻ, വി.പി. സിന്ധു, കെ. പ്രേംരാജ്, എ.എം. ബാലകൃഷ്ണൻ സംബന്ധിക്കും. ചെമ്മനാട് ഗ്രാമപഞ്ചായത്തംഗം മനോജ് കുമാർ ചെയർമാനായ സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് വിവിധ മേഖലാ സമ്മേളനങ്ങളിൽ നിന്നും തെരെഞ്ഞെടുത്ത നൂറ്റി അമ്പതിലധികം പ്രതിനിധികളെ സ്വീകരിക്കാൻ പൂർത്തിയായത്.