എഴുത്ത്: കെ.വി.ആർ
തെയ്യക്കാരുടെ കളരി വൈഭവമുണർന്നപ്പോൾ വട്ടമുടികൊണ്ട് മണങ്ങിയാട്ടവും മുടിയാട്ടവുമാടിയ പുലിത്തെയ്യങ്ങൾ ഭക്ത മാനസങ്ങളിൽ നിർവൃതിയായി. തെയ്യങ്ങളെ അരിയെറിഞ്ഞ് വാല്യക്കാർ വരവേറ്റപ്പോൾ മുഴക്കോം ‘ചാലക്കാട്ട് നിറഞ്ഞത് വൃക്ഷാരാധനയ്ക്കൊപ്പം മൃഗാരാധനയും. മകളെ കാക്കുന്ന അമ്മയും, അമ്മയെ അരങ്ങിൽ നിറഞ്ഞാടി. തലയിലേറ്റിയ മുടിയാൽ അറയുടെ മുന്നിൽ തെയ്യത്തെ വരവേറ്റെറിഞ്ഞ അരിയിൽ വലിയ മുടി കൊണ്ട് ചിത്രം വരയ്ക്കുകയായിരുന്ന തെയ്യക്കോലമണിഞ്ഞ സബിൻ കയ്യൂരും പ്രവീൺ പള്ളിക്കരയും പുല്ലൂരാളി, പുള്ളിക്കരിങ്കാളിയുമായി. ശിവനും പാർവതിയും പുലി വേഷത്തിൽ സംഗമിച്ചപ്പോൾ ഉണ്ടായ പുലി കിടാങ്ങൾ പുലി തെയ്യങ്ങൾ എന്നാണു വിശ്വാസം. ഇവയുടെ നരികുരിച്ചെഴുത്ത് എന്ന പ്രത്യേക മുഖത്തെഴുത്തും, ഉടുത്തുകെട്ടുകളും ചലനങ്ങളും എല്ലാം പുലിയെ ഓർമ്മിപ്പിക്കുന്നതുമാണ്. ഇത് കൂടാതെ പുലിയൂർ കണ്ണൻ, പുലികണ്ടൻ എന്നീ തെയ്യങ്ങളും വീരൻമാരും ചാലക്കാട്ട് കെട്ടിയാടി.
വെള്ളിയാഴ്ചയാണ് കളിയാട്ട സമാപനം. രാവിലെ ഏഴിന് മഞ്ഞടുക്കം തുളുർവനത്ത് മാത്രമുള്ള മുന്നായർ തെയ്യം, തുടർന്ന് വൈരജാതൻ, രക്തചാമുണ്ടി, എരോത്ത് ചാമുണ്ടി, വിഷ്ണുമൂർത്തി, പുല്ലൂർ കാളി, പുള്ളികരിങ്കാളി , ചെക്കിപ്പാറ ഭഗവതി തെയ്യങ്ങളുണ്ടാകും.
ഉത്സവ സുവനീർ പ്രകാശനം മുഴക്കോം ചാലക്കാട്ട് മാടം ചെക്കിപ്പാറ ഭഗവതി ക്ഷേത്രം സെക്രട്ടറി വിനോദ് മോട്ടുമ്മൽ സിനിമാ താരം ഉണ്ണിരാജ് കൈമാറി പ്രകാശനം ചെയ്തു. ചടങ്ങിൽ വച്ച് സുവനീരിൽ അനുഷ്ഠാന ആചാരങ്ങളെ കുറിച്ച് വിവരണം എഴുതിയ പി രാജേഷ് പണിക്കറെയും,കളിയാട്ട ലോഗോ തയ്യാറാക്കിയ കെ ജയരാജൻ ചെമ്മനാട് എന്നിവരെ അനുമോദിച്ചു. ചടങ്ങിൽ ആഘോഷകമ്മിറ്റി ചെയർമാർ വി പ്രഭാകരൻ അധ്യക്ഷനായി. കണവീനർ എം ശ്രീധരൻ സ്വാഗതവും ട്രഷറർ വി.വി സന്തോഷ് നന്ദിയും പറഞ്ഞു.
ചിത്രം : അനീഷ് കടവത്ത്