
തിരുവനന്തപുരം: മുൻ ഡിജിപി ജേക്കബ് തോമസ് ആർഎസ്എസിൽ സജീവമാകുന്നു. മുഴുവൻ സമയ പ്രചാരകനാകാനാണ് തീരുമാനം. എറണാകുളം പള്ളിക്കരയിൽ ഒക്ടോബർ ഒന്നിന് വിജയദശമി ദിനത്തിൽ സംഘടിപ്പിക്കുന്ന ആർഎസ്എസ് പദസഞ്ചലനത്തിൽ ഗണവേഷം ധരിച്ച് അദ്ദേഹം പങ്കെടുക്കും. ഇതോടെ പാര്‍ട്ടിയില്‍ ജേക്കബ് തോമസ് ഔദ്യോഗികമായി സജീവ പങ്കാളിയാകും.
സേവനത്തിന് കൂടുതൽ നല്ലത് ആർഎസ്എസ് ആണെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി. പൊലീസ് സേനയില്‍ ഡിജിപി പദവി വഹിച്ചിരുന്ന അദ്ദേഹം വിരമിച്ചതിന് ശേഷം 2021ലാണ് ബിജെപിയിൽ ചേർന്നത്. തൃശൂരിൽ നടന്ന ബിജെപി സമ്മേളനത്തിൽ ദേശീയ അധ്യക്ഷൻ ജെ പി നദ്ദയിൽനിന്നാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. പിന്നാലെ പാർട്ടി പരിപാടികളിൽ സജീവസാന്നിധ്യമായിരുന്നു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ അദ്ദേഹം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽനിന്നും മത്സരിച്ചിരുന്നു. പൊലീസിലെ ഉന്നത പദവിയിൽ നിന്ന് വിരമിച്ച മുൻ ഡിജിപിമാരായ ആർ ശ്രീലേഖ, ടി പി സെൻകുമാർ എന്നിവരും നിലവിൽ സംഘപരിവാറിന്റെ ഭാഗമാണ്. ആദ്യ വനിതാ ഡിജിപിയായിരുന്ന ശ്രീലേഖ നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ്.