
കാസർകോട്:ആലംപാടി ഉറൂസിനിടയിൽ വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആറുപേരെ കുത്തിയും അടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായനാലു പേരെ മൂന്നുവർഷവും ഒമ്പത് മാസവും തടവിനും ഇരുപതിനായിരം രൂപ പിഴയും അടക്കാനും കോടതി വിധിച്ചു.ആലംപാടി മുട്ടത്തോടി സ്വദേശികളായ അബ്ദുൽ ഹക്കീം( 38) അഹമ്മദ് കബീർ (37) അഹമ്മദ് ഗസാലി (34) മൂസ സുനൈദ് എന്ന ( 35) എന്നിവരെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ.പ്രിയ ശിക്ഷിച്ചത്.കേസിൽ മൂന്നു പ്രതികൾ ഇപ്പോഴും ഒളിവിലാണ് .ആലംപാടി സ്വദേശികളായ ഹൈദരലി, മുഹമ്മദ് മുസ്തഫ, മുദാസിർ,ഉമ്മർ ഫാറൂഖ്, സെമീർ,അബ്ദുള്ള എന്നിവർക്കാണ് കുത്തേറ്റത്.2018 ഏപ്രിൽ ഒന്നിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.ആലംപാടി ഉറൂസിന് ഇടയിൽ വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിൽ പ്രതികൾ കത്തി കമ്പി എന്നിവ കൊണ്ട് കുത്തിയും അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്.അന്ന് വിദ്യാനഗർ പോലീസ് ഇൻസ്പെക്ടർമാരായ കെപി വിനോദ് കുമാറും ഇ അനൂപ് കുമാറും ആണ് കേസ് അന്വേഷിച്ചത് ദൃക്സാക്ഷികൾ കൂറുമാറിയ കേസിൽ സാഹചര്യ തെളിവിന്റെയും പോലീസ് ഹാജരാക്കിയ രേഖകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെൻറ് പ്ലീഡർ ജി.ചന്ദ്രമോഹനൻ ചിത്രകല എന്നിവർ ഹാജരായി.