
നീലേശ്വരം:ദേശീയപാതയിൽ നീലേശ്വരം പള്ളിക്കര റെയിൽവേഗേറ്റ് പരിസരത്തു നിന്നും സ്വിഫ്റ്റ് കാറിൽ കടത്താൻ ശ്രമിച്ച പത്ത് കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് രണ്ടുവർഷം വീതം കഠിനതടവും 20,000 രൂപ പിഴയും. തളങ്കര ബാങ്കോട്ടെ അബ്ദുള്ളയുടെ മകൻ ബി എ ഷംസുദ്ദീൻ (46), കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ ഹൗസിൽ കെ അസൈനാറിന്റെ മകൻ കാരാട്ട് നൗഷാദ്
(47)എന്നിവരെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 3 മാസംകൂടി അധിക തടവും അനുഭവിക്കണം. 2020 ഒക്ടോബർ12 ന് ഉച്ചയ്ക്ക് 12.30 മണിക്ക് നീലേശ്വരം- പള്ളിക്കര റെയിൽവെ ഗേറ്റിന് സമീപം ദേശീയ പാതയിൽ വെച്ചാണ് കെ.എൽ 14 ടി 2141നമ്പർ സ്വിഫ്റ്റ് കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി ഇവരെ നീലേശ്വരം ഇൻസ്പെക്ടർ ആയിരുന്ന കെ.വി മഹേഷാണ് അറസ്റ്റു ചെയ്തത്,തുടർന്ന് അന്വേഷണം നടത്തിയത് ചന്തേര ഇൻസ്പെക്ടർ ആയിരുന്ന പി.നാരായണനും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ നീലേശ്വരം ഇൻസ്പെക്ടർ പി. സുനിൽ കുമാറുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ചന്ദ്രമോഹൻ ജി ,അഡ്വ.ചിത്രകല എന്നിവർ ഹാജാരായി.