
യേശുക്രിസ്തുവിന്റെ കുരിശുമരണത്തിൻറെ ഓർമയിൽ ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും. കുരിശു മരണത്തിന് മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓർമ പുതുക്കാൻ കുരിശിൻറെ വഴിയിലും വിശ്വാസികൾ പങ്കെടുക്കും. വിവിധ പള്ളികളിൽ പ്രദക്ഷിണവും നഗരി കാണിക്കലും നടക്കും.
രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ദൈവപുത്രൻ മനുഷ്യനായി അവതരിക്കുകയും മനുഷ്യകുലത്തിൻ്റെ പാപങ്ങൾക്ക് പരിഹാരമായി കുരിശുമരണം വരിക്കുകയും ചെയ്‌തതായാണ് വിശ്വാസം. കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട് ഗാഗുൽത്താമലയിലൂടെ കുരിശിനൊപ്പം ചാട്ടവാറടി ഉൾപ്പെടെയുള്ള ക്രൂരമർദ്ദനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയുള്ള യേശുവിൻ്റെ മരണയാത്രയുടെയും പിന്നീട് കുരിശിലേറ്റപ്പെട്ടതിൻ്റെയും അനുസ്മരണമാണ് ദുഃഖവെള്ളി.
പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന ദുഃഖവെള്ളിയാണ് വിശുദ്ധ വാരത്തിലെ ഏറ്റവും പ്രധാന ദിനമായി കണക്കാക്കുന്നത്. ദുഃഖവെള്ളി ദിനത്തിൽ ദേവാലയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടാകില്ല. പകരം യേശുവിന്റെ പീഡാനുഭവം അനുസ്മരിച്ചുള്ള ചടങ്ങുകൾ നടക്കും. കുരിശിന്റെ തിരുശേഷിപ്പ് ചുംബനം, പീഡാനുഭവ വായനകൾ, കുരിശിന്റെ വഴി എന്നിവ നടക്കും.