
നീലേശ്വരം: പ്രതിസന്ധികളെ മുറിച്ച് കടന്ന് യാത്ര ചെയ്തവ്യക്തിയായിരുന്നു മുൻ മന്ത്രി എൻ.കെ.ബാലകൃഷ്ണനെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.നീലേശ്വരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻ.കെ.ബാലകൃഷ്ണൻ്റെ 29 ആം ചരമദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പുതിയ തലമുറ എൻ.കെ.യെ കുറിച്ച് പഠിക്കാൻ തയ്യാറാകണം. മഹാത്മാഗാന്ധി വഴികാട്ടിയായിരുന്നു. എൻ.കെ.സോഷ്യലിസ്റ്റ് ആശയങ്ങൾ മുറുകെ പിടിച്ചു. എം എൽ എ, മന്ത്രി എന്ന നിലയിൽ പ്രവർത്തിച്ചപ്പോൾ സഹകരണം, ആരോഗ്യം, ദേവസ്വം, കൃഷി എന്നീ വകുപ്പുകൾക്ക് പ്രത്യേക മുൻഗണന നൽകുകയുണ്ടായി.എൻ.കെ.കോൺഗ്രസ്സ് പ്രസ്ഥാനത്തിൽ വന്നപ്പോഴാണ് എനിക്ക് കൂടുതൽ ഇടപെടാൻ സാധിച്ചത്.
കഴിഞ്ഞ 11 വർഷമായി ഇന്ത്യയിൽ ഫാസിസ്റ്റ് ഭരണമാണ് നടക്കുന്നത്. സംഘപരിവാർ അജണ്ടയാണ് സർക്കാർ നടപ്പിലാക്കുന്നത്. ‘മതേതരത്വവും ബഹുസ്വരതയും ഇപ്പോൾ തകർന്നിരിക്കയാണ്. ഹിന്ദു രാഷ്ട്രം കൊണ്ടുവരാനാണ് ബി ജെ പി ശ്രമിക്കുന്നത്.
കോൺഗ്രസ്സ് മുക്ത ഭാരതം നമുക്ക് സങ്കല്പിക്കാൻ കഴിയില്ല. ഇന്ത്യയെ കണ്ടെത്തിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണ്. ഇന്ത്യയെ വലുതാക്കിയതും വളർത്തിയതും കോൺഗ്രസ്സാണ്.ഇന്ത്യയെ വിറ്റുതുലക്കാനാണ് ബി ജെ പി സർക്കാർ ശ്രമിക്കുന്നത്. ഉത്തരേന്ത്യയിൽ ദളിത് ‘പിന്നോക്കക്കാരെ കടന്നാക്രമിക്കുകയാണ്. ക്രൈസ്തവ ദേവാലയങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്യുന്നു. മണിപ്പൂർ കത്തികൊണ്ടിരിക്കുമ്പോഴും പ്രധാനമന്ത്രി അങ്ങോട്ട് തിരിഞ്ഞ് നോക്കുന്നില്ല. അപകടകരമായ അവസ്ഥയിലേക്കാണ് രാജ്യം കടന്നു പോകുന്നത്. ഇഡിയെയും ഇൻകം ടാക്സിനെയും ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ കേസ്സിൽ കുടുക്കുന്നു.ഗവർണ്ണർമാരെ സംസ്ഥാനങ്ങളിലേക്ക് അയച്ച് രാഷ്ട്രീയ ലക്ഷ്യം നേടാൻ ശ്രമിക്കുന്നു. ഗവർണ്ണർമാർ അകാരണമായി ബില്ലുകൾ തടഞ്ഞുവെക്കുന്നു. സംഘപരിവാർ ശക്തികളുടെ ഏജൻ്റ്മാരാണ് ഗവർണ്ണമാർ.
കേരളത്തിലേക്ക് വന്നാൽ ആശാ വർക്കർമാരുടെ സമരം കേരള മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടില്ലെന്ന് നടിക്കുകയാണ്. കേരളത്തിലെ പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മടിയൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് പി.കെ. ഫൈസൽ, മുൻ പ്രസിഡണ്ട് ഹക്കിം കുന്നിൽ, കെ പി സി സി മെമ്പർ കെ.വി ഗംഗാധരൻ, ഡി സി സി ഭാരവാഹികളായ അഡ്വ: കെ.കെ. രാജേന്ദ്രൻ, കെ.വി സുധാകരൻ, അഡ്വ :പി.വി സുരേഷ്, കെ.പി. പ്രകാശൻ, എൻ.മഹേന്ദ്ര പ്രതാപ്, എം.രാധാകൃഷ്ണൻ നായർ, മണ്ഡലം പ്രസിഡണ്ടുമാരായ എറുവാട്ട് മോഹനൻ, കെ. ബാലകൃഷണൻ , എം.പി മനോഹരൻ, പ്രവാസ് ഉണ്ണിയാടൻ, പി.രമേശൻ നായർ എന്നിവർ സംസാരിച്ചു.