
കാസർകോട്:സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും വി കെ രാജനെയും സി. പ്രഭാകരനെയും ഒഴിവാക്കി.പകരം വിപിപി മുസ്തഫ, ഇ പത്മാവതി, സിജി മാത്യു എന്നിവരെ സെക്രട്ടറിയേറ്റിൽ പുതുതായി ഉൾപ്പെടുത്തി. എം രാജഗോപാലൻ, പി ജനാർദ്ദനൻ, കെ വി കുഞ്ഞിരാമൻ, സാബു എബ്രഹാം, കെ.ആർ. ജയാനന്ദ , വിവി രമേശൻ, എം സുമതി എന്നിവരാണ് മറ്റു സെക്രട്ടറിയേറ്റ് അംഗങ്ങൾ.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി എന്നിവർ പങ്കെടുത്ത യോഗത്തിലാണ് മൂന്ന് പേരെ പുതുതായി ഉൾപ്പെടുത്തി പുതിയ സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞ ഫെബ്രുവരി ഏഴിന് ജില്ലാ സമ്മേളനം കഴിഞ്ഞ ശേഷം പിന്നീട് ചേർന്ന ആദ്യ ജില്ലാ കമ്മിറ്റി യോഗം സംഘടനാപരമായ വിഷയം ചർച്ച ചെയ്ത് പിരിഞ്ഞിരുന്നു. അതിനാൽ സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും കഴിഞ്ഞശേഷം ചേർന്ന ജില്ലാ കമ്മിറ്റിയിൽ സെക്രട്ടേറിയറ്റ് രൂപവത്കരണമായിരുന്നു പ്രധാന അജൻഡ. 2022-ലെ ജില്ലാ സമ്മേളനത്തിൽ സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും എം വി ഗോവിന്ദൻ തദ്ദേശമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പോയതിനെ തുടർന്ന് ഒഴിയുകയും ചെയ്തയാളാണ് മുസ്തഫ.