
കരിവെള്ളൂർ – സൃഷ്ടിക്ക് മുമ്പേ വാണിജ്യാസക്തിയാൽ കച്ചവടതന്ത്രങ്ങൾ മെനയുന്ന സാംസ്കാരികക്കെടുതികളുടെ കാലത്ത് ഒരു എഴുത്തുകാരൻ്റെ നിസ്വാർത്ഥ സാഹിത്യപ്രവർത്തനം . തൻ്റെ പുതുതായി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്ക് റോയൽറ്റി ആയി ലഭിച്ച ഓതേർസ് കോപ്പി നാട്ടിലെ ഗ്രന്ഥാലയങ്ങൾക്ക് കൈനീട്ടമായി സമർപ്പിച്ചു കൊണ്ട് വിഷു ആചാരത്തിന് സാംസ്കാരികമാനം സൃഷ്ടിക്കുകയാണ് പ്രകാശൻ കരിവെള്ളൂർ . തെക്കൻ ജില്ലകളിലെ പ്രസാധകർ പ്രസിദ്ധീകരിച്ചതിനാൽ നാട്ടിലെ ബുക് സ്റ്റാളുകളിൽ ലഭിക്കാത്ത നാല് പുതിയ പുസ്തകങ്ങളാണ് അദ്ദേഹം ലൈബ്രറികൾക്കായി സമർപ്പിച്ചത് . കുത്തിയൊലിച്ചു പോകുന്നൂ നമ്മൾ, പരപ്പക്കാട്ടിൽ , എം ടീയം ഒരു കാലം , വാക്കമ്പലത്തിലെ പൂരം ( രണ്ടാം പതിപ്പ് ) എന്നീ പുസ്തകങ്ങൾ ഏറ്റു വാങ്ങാൻ ഈയ്യക്കാട് ഏകേജിസ്മാരക വായനശാല , സെഞ്ച്വറി ഓണക്കുന്ന് , പൊള്ളപ്പൊയിൽ ബാലകൈരളി , ഓലാട്ട് നാരായണൻ സ്മാരക ഗ്രന്ഥാലയം എന്നിവിടങ്ങളിൽ വേദിയൊരുക്കി .