
നീലേശ്വരം തട്ടാച്ചേരി ശ്രീ വടയന്തൂർ കഴകം പാലോട്ടുകാവിലെ വിഷുവിളക്ക് മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം വിഷുത്തലേന്ന് നീലേശ്വരം തളിയിൽ ശ്രീ നീലകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്ന് ദീപവും തിരിയും കൊണ്ടുവന്നതോടെയാണ് അഞ്ചുനാൾ നീളുന്ന വിഷുവിളക്ക് ഉത്സവത്തിന് തുടക്കമായത്. വിഷു ദിനത്തിൽ രാവിലെ വിഷുക്കണി കാണാനും മത്സ്യാവതാര സങ്കൽപത്തിലുള്ള പാലോട്ടുദൈവത്തെ കണ്ട് അനുഗ്രഹം വാങ്ങാനും നൂറുകണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തി. കളിയാട്ടത്തിന്റെ 2, 3, 4 ദിവസങ്ങളിൽ രാവിലെ 7 മണിക്ക് വില്ലോൻ ദൈവവും 9 മണിക്ക് പാലാട്ട് ദൈവവും കൂടെയുള്ളോരും അരങ്ങിലെത്തും. വൈകുന്നേരം 7 മണിക്ക് സന്ധ്യാവേല, രാത്രി 10 മണിക്ക് എഴുന്നള്ളത്ത് എന്നിവയുമുണ്ടാകും. വിഷു വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി വിവിധ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും. ഉത്സവത്തിന്റെ നാലാം ദിനത്തിൽ പാലോട്ട് ദൈവം, കൂടെയുള്ളോർ തെയ്യക്കോലങ്ങൾ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീ തളിയിൽ ക്ഷേത്രത്തിൽ ചെന്ന് കൂടിക്കാണൽ, കൂടിപ്പിരിയൽ ചടക്കുകൾ. സമാപന ദിവസമായ 18 ന് ഉച്ചയ്ക്ക് 12 മണി മുതൽ അന്നദാനം, 3 മണിക്ക് പാലോട്ട് ദൈവം കൂടെയുള്ളോർ പുറപ്പാട്. രാത്രി 7 മണിക്ക് ആറാട്ട്.