
കേരളത്തിലെ ആദ്യ സ്കൈ ഡൈനിങ് അനുഭവം ബേക്കലിൽ ആരംഭിച്ചു. ബേക്കൽ ബീച്ച് പാർക്കിൽ കൂറ്റൻ യന്ത്രക്കയ്യിൽ 120 അടി ഉയരത്തിൽ ആകാശത്തു തൂങ്ങി നിൽക്കുന്ന പേടകത്തിലിരുന്ന് ഭക്ഷണം കഴിച്ചു അറബിക്കടലിൻ്റെയും ബേക്കൽക്കോട്ടയുടെയും സൗന്ദര്യം ആസ്വദിച്ച് ഭക്ഷണം രുചിക്കാം. ആകാശത്തേക്ക് ഉയർത്തി നിർത്തിയ പ്ലാറ്റ്ഫോമിലിരുന്ന് ഭക്ഷണവിഭവങ്ങൾ രുചിക്കുന്നതിലൂടെ സൈനിംഗും സാഹസികതയും ഒത്തുചേരുന്ന അനുഭവമാണ് സ്കൈ ഡൈനിംഗ്. ക്രെയിൻ ഉപയോഗിച്ച് ആകാശത്തേക്ക് ഉയർത്തി നിർത്തിയ ഡൈനിംഗ് ടേബിൾ പ്ലാറ്റ്ഫോമിൽ 16 സീറ്റുകളുള്ള സ്കൈ ഡൈനിങ്ങാണു ബേക്കലിൽ ഒരുക്കുന്നത്. പ്ലാറ്റ്ഫോമിൻ്റെ നടുവിൽ സെർവിംഗ് പോയിൻ്റുണ്ടാവും. ഇവിടെ ഗാർഡ് അടക്കം 2 ജീവനക്കാർ സുരക്ഷാ ചുമതലയ്ക്കും ഭക്ഷണം സെർവ് ചെയ്യാനുമുണ്ടാവും. ഇവർ ആവശ്യമായ വീഡിയോയും ചിത്രങ്ങളും പകർത്താൻ സഹായിക്കും. കേരളത്തിൽ ടൂറിസം രംഗത്ത് ഇത്തരം സംവിധാനം ആദ്യമായി നടപ്പാക്കുന്നതു ബേക്കലിലാണ്. മംഗളൂരുവിനു സമീപം പനമ്പൂർ ബീച്ചിലും ബെംഗളൂരുവിലും സ്കൈ ഡൈനിങ് സംവിധാനം ആരംഭിച്ചു. ബേക്കലിൽ സ്കൈ ഡൈനിങ് നടത്താൻ ഒരാൾക്ക് 500 രൂപയാണു ഈടാക്കുന്നത്. 30 മിനിറ്റ് സമയം ഇവിടെ ചെലവഴിക്കാം. പേടകത്തിൽ സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ച സീറ്റുകളാണുണ്ടാവുക. ഒറ്റയ്ക്കും പങ്കാളിക്കൊപ്പവും സ്കൈ ഡൈനിംഗ് നടത്തുന്നതിനു പുറമേ, മീറ്റിംഗുകളും ചെറിയ കോൺഫറൻസുകളും ഇവിടെ നടത്താനാകുമെന്ന് ബേക്കൽ ബീച്ച് പാർക്ക് ഡയറക്ടർ അനസ് മുസ്തഫ പറഞ്ഞു. സർക്കാർ സംരംഭമായ ബേക്കൽ റിസോർട്സ് കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള ബേക്കൽ പള്ളിക്കര ബീച്ച് പാർക്ക് ഇപ്പോൾ സ്വകാര്യ സംരംഭകരാണ് ലീസിനെടുത്തു നടത്തുന്നത്.