
കോട്ടക്കൽ: എം. ഡി എം എ നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 23 കാരനെ കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര ചേറൂർ ആലുങ്ങൽ അബ്ദുൾ ഗഫൂറിനെ (23) ആണ് കോട്ടക്കൽ ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിൽ എസ്ഐ വിമൽ, എ എസ് ഐ പ്രദീപ്, എസ് സിപിഒ മാരായ ബിജു, റാഫി, ജിതേഷ്, ഹബീബ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പെൺകുട്ടി പ്ലസ് വൺ വിദ്യാർത്ഥിയായിരിക്കെ, ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് പ്രണയം നടിച്ച് 2020 മുതൽ പലതവണ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. 2022 ൽ പെൺകുട്ടിയുടെ വീട്ടിൽ വച്ച് എംഡിഎംഎ ഭക്ഷണത്തിൽ കലർത്തി നൽകി പീഡിപ്പിക്കുകയും പിന്നീട് പീഡന ദൃശ്യം മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി. പെൺകുട്ടിയെ ലഹരിക്കടിമയാക്കി 2025 വരെ പ്രതി പീഡനം തുടർന്നതായി പോലീസ് പറയുന്നു. പിന്നീട് പെൺകുട്ടി ലഹരിയിൽ നിന്ന് മുക്തയായതോടെയാണ് പോലീസിൽ പരാതി നൽകിയത്. ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണ്ണ മോതിരം തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ ഉണ്ടെന്ന് ആരോപിക്കുന്ന മൊബൈൽ ഫോണും ഇയാളിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.