
കാസർകോട്: പൈവളിഗെയിലെ പെൺകുട്ടിയുടെയും യുവാവിന്‍റെയും മരണത്തിൽ
പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഇരുവരെയും കാണാതായതിനെ തുടർന്ന് പൊലീസ് സ്വീകരിച്ച നടപടിയിൽ വീഴ്ച്ച സംഭവിച്ചതായി ഹൈക്കോടതി നിരീക്ഷിച്ചു.അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് ഡയറിയുമായി നാളെ ഹാജരാകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഒരു വിഐപിയുടെ മകള്‍ ആയിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെ കാണിക്കുമോയെന്നാണ് ഹൈക്കോടതി ചോദിച്ചത്.
നിയമത്തിനു മുമ്പില്‍ വിവിഐപിയും തെരുവില്‍ താമസിക്കുന്നവരും തുല്യരാണ്. പെണ്‍കുട്ടിയുടെ അമ്മയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
അതേസമയം ഇരുവരുടെയും ആത്മഹത്യയിലേക്ക് നയിച്ച കാരണത്തെ സംബന്ധിച്ച് പൊലീസിന് വ്യക്തയില്ല. ഇരുവരുടെയും മൊബൈൽ ഫോണുകൾ സൈബർ വിഭാഗത്തിന് കൈമാറിയിട്ടുണ്ട് . മരിച്ച പ്രദീപിനെതിരെ പെൺകുട്ടി പഠിച്ച സ്‌കൂളിലെ അധ്യാപകർ രണ്ട് വർഷം മുമ്പ് ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു.
അന്ന് തുടർനടപടി ഉണ്ടായില്ലെന്ന് പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. ഫെബ്രുവരി 12-നാണ് പൈവളിഗയിൽ നിന്ന് പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും കാണാതായത്. ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തി. പൈവളിഗയിലെ പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് 200 മീറ്റർ മാത്രം അകലെ മണ്ടെക്കാപ്പ് ഗ്രൗണ്ടിനടുത്തുള്ള അക്കേഷ്യ മരത്തിലായിരുന്നു മൃതദേഹം.