
കാഞ്ഞങ്ങാട് : കണ്ണൂർ തോട്ടട എസ് എൻ കോളേജിൽ സമാപിച്ച കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിൽ രാജപുരം സെന്റ് പയസ് ടെൻത് കോളേജ് വിദ്യാർത്ഥി എ. രാംപ്രസാദ് സംഗീതപ്രതിഭയായി. പങ്കെടുത്ത നാല് മത്സരങ്ങളിൽ നിന്ന് 24 പോയിന്റോടെയാണ് ഈ നേട്ടം. ഇതേ
പോയിന്റ് നേടിയ കണ്ണൂർ മാങ്ങാട്ടുപറമ്പ് ക്യാംപസ് വിദ്യാർത്ഥി സി.എസ്. കൃഷ്ണനുണ്ണിക്കൊപ്പമാണ്
സംഗീതപ്രതിഭ സ്ഥാനം പങ്കിട്ടത്. ലളിതഗാനത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ രാംപ്രസാദ് കർണാടക സംഗീതം, ഗസൽ എന്നിവയിൽ രണ്ടാം സ്ഥാനവും നേടി. ഇക്കുറി ആദ്യമായി മത്സരിച്ച കഥകളി സംഗീതത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും ഉണ്ട്. കോളേജിലെ മൂന്നാം വർഷ ബി എസ് സി ഫിസിക്സ് വിദ്യാർത്ഥിയായ രാംപ്രസാദ് വെള്ളിക്കോത്ത് സ്വദേശിയാണ്. ജനകീയ സംഗീതയാത്രകളിലൂടെ പ്രശസ്തനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ പ്രമുഖ സംഗീതജ്ഞൻ വെള്ളിക്കോത്ത് വിഷ്ണുഭട്ടാണ് എല്ലാ ഇനങ്ങളിലും പരിശീലനം നൽകിയത്. അഞ്ച് വയസ് മുതൽ ഇദ്ദേഹത്തിൽ നിന്ന് സംഗീതം അഭ്യസിച്ചു വരുന്നു. ഗുരുനാഥന്റെ ഷഷ്ടിപൂർത്തി വർഷത്തിൽ ശിഷ്യൻ അർപ്പിച്ച ഗുരു ദക്ഷിണയുമായി ഈ വിജയം. നിനക്കായ് പൂത്തൊരെൻ കർണികാരങ്ങളെ കാണാതെ പോയതെന്തേ….. എന്ന വരികൾ പാടിയാണ് ലളിതഗാനത്തിൽ ഒന്നാം സ്ഥാനം നേടിയത്. ചെറുവത്തൂർ എ ഇ ഒയും വെള്ളിക്കോത്ത് മഹാകവി പി സ്മാരക സ്കൂളിലെ മുൻ അധ്യാപകനുമായ രമേശൻ പുന്നത്തിരിയൻ എഴുതിയ ഗാനം വെള്ളിക്കോത്ത് വിഷ്ണുഭട്ടാണ് സംഗീതം നൽകി പരിശീലിപ്പിച്ചത്. കർണാടക സംഗീതത്തിൽ മുത്തുസ്വാമി ദീക്ഷിതരുടെ ശ്രീ കമലാംബയാം… എന്ന ഭൈരവി രാഗത്തിലുള്ള നവാവരണ കൃതിയും ഗസലിൽ സയ്യിദ് റാസിയുടെ ഭൂലി ബിസ് രി ചന്ദ്…എന്ന് തുടങ്ങുന്ന ഗാനവുമാണ് ആലപിച്ചത്. നളചരിതം നാലാം ദിവസത്തിലെ എങ്ങാനും ഉണ്ടോ കണ്ടു… എന്ന പദം കഥകളി സംഗീത മത്സരത്തിൽ ആലപിച്ചു. കർണാടക സംഗീതത്തിൽ പ്രഭാകരൻ വള്ളിക്കുന്ന് (മൃദംഗം) ബൽരാജ് ബദിയടുക്ക (വയലിൻ), ഗസലിൽ തൃക്കരിപ്പൂർ മഹേഷ് ലാൽ (തബല), മോഹൻദാസ് അണിയാരം (ഹാർമോണിയം) എന്നിവരായിരുന്നു പിന്നണിയിൽ. മാധ്യമ പ്രവർത്തകൻ വെള്ളിക്കോത്ത് വീണച്ചേരി പൈനി വീട്ടിലെ ശ്യാംബാബുവിന്റെയും പ്രഭയുടെയും മകനാണ്. സഹോദരി ശിവദ കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി.