
നീലേശ്വരം: കോട്ടക്കൽ വി.പി.എസ്.വി ആയുർവ്വേദ കോളേജിലെ പ്രൊഫസർ നീലേശ്വരം പൂവാലംകൈ സ്വദേശി ഡോ: ഇ.മുകേഷിന് പി.എച്ച്.ഡി ലഭിച്ചു. ‘ വിട്ടുമാറാത്ത നടുവേദനയിൽ ദഹന വ്യവസ്ഥിതിയുടെ പങ്കി’ നെക്കുറിച്ചുള്ള ഗവേഷണത്തിനാണ് കാഞ്ചീപുരത്തെ എസ്.സി.എസ്.വി.എം.വി സർവ്വകലാശാലയിൽ നിന്ന് പി.എച്ച്.ഡി ലഭിച്ചത്. നീലേശ്വരത്തെ പരമ്പരാഗത ആയുർവ്വേദ കുടുംബത്തിൽ നിന്നുള്ള അദ്ദേഹം പ്രശസ്ത ആയുർവ്വേദ വൈദ്യനായ കല്ലമ്പള്ളി വൈദ്യരുടെ ചെറുമകനും, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ മുൻ ഡയറക്ടർ പരേതനായ ഡോ: പി.വി. മുകുന്ദന്റെയും ഇ.ശകുന്തളയുടെയും മകനാണ് ഡോ: ഇ.മുകേഷ്. കഴിഞ്ഞ 14 വർഷമായി കോട്ടക്കൽ ആയുർവ്വേദ കോളേജിൽ അധ്യാപകനും ചികിത്സകനുമായി സേവനമനുഷ്ഠിക്കുകയാണ്. മടിക്കൈ ഗവ: ആയുർവ്വേദ ആശുപത്രിയിൽ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ വകുപ്പിൽ മെഡിക്കൽ ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഡോ: രശ്മി ദാമോദരൻ. ലാവണ്യ, ദിയ എന്നിവർ മക്കളാണ്.