
ചന്തേര:നടന്നു പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും ബൈക്കിൽ വന്ന് മാലം മോഷ്ടിച്ച രണ്ടുപേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു.
കതിരൂർ സൈബ ക്വാട്ടേഴ്സിൽ മൂസയുടെ മകൻ മുദസീർ(35) മലപ്പുറം പെരിങ്ങാവ്, പുതുക്കോട് കുഴിക്കോട്ടിൽ ഹൗസിൽ അബ്ദുൽ അസീസിൻ്റെ മകൻ എ.ടിജാഫർ (35) എന്നിവരെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. ഏകദേശം 200 ഓളം സിസിടിവികൾ പരിശോധിക്കുകയും മംഗലാപുരം, കോഴിക്കോട്, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിൽ കേസന്വേഷണം നടത്തുകയും ചെയ്തു വരവേ പ്രതികളെ കണ്ണവം പോലീസിന്റെ സഹായത്തോടെ കണ്ണവത്തു വെച്ച് പിടികൂടി.പ്രതികളുടെ രേഖചിത്രം നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞവർഷം ഡിസംബറിൽ 07 ന് ഏച്ചിക്കൊവ്വൽ വെച്ച് നടന്നു പോവുകയായിരുന്ന ശാരദ എന്ന സ്ത്രീയുടെ ഒന്നേ മുക്കാൽ പവൻ തൂക്കം വരുന്ന മാലയാണ് ബൈക്കിൽ വന്ന രണ്ടംഗസംഘം പിടിച്ചു പറിച്ചത്. ചന്തേര പോലീസ് ഇൻസ്പെക്ടർ പ്രശാന്തിൻ്റെ നേതൃത്വത്തിൽ എസ് ഐ മാരായ സതീഷ് കെ പി, സതീഷ് കുമാർ എൻ കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത് കുമാർ, രഞ്ജിത്ത് മൂത്തേടത്ത്, സുധീഷ് ഓരി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.