
റവന്യു വകുപ്പിന്റെയും സർവേ വകുപ്പിന്റെയും അവാർഡുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടറായി എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐഎഎസിനെ തിരഞ്ഞെടുത്തു. ഫോർട്ട് കൊച്ചി സബ് കളക്ടർ കെ മീരയെ മികച്ച സബ് കളക്ടറായി തിരഞ്ഞെടുത്തു. തൃശൂരാണ് മികച്ച് ജില്ലാ കളക്ടറേറ്റ്. ഈ മാസം 24 ന് റവന്യൂ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. റവന്യൂ വകുപ്പിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയ കാലഘട്ടം ആണ് ഇത് എന്നും മന്ത്രി അവാർഡ് പ്രഖ്യാപനത്തിനിടെ കൂട്ടിച്ചേർത്തു. മികച്ച താലൂക്ക് ഓഫീസ് ആയി തൊടുപുഴ താലൂക്ക് ഓഫീസിനെയാണ് തിരഞ്ഞെടുത്തത്. മികച്ച വില്ലേജ് ഓഫീസ് ആയി തിരുവനന്തപുരം ജില്ലയിലെ തിരുമല, കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനംതിട്ടയിലെ കോന്നി, ആലപ്പുഴയിൽ നിന്ന് ആല, കോട്ടയം ജില്ലയിലെ വൈക്കം, ഇടുക്കി ജില്ലയിലെ കരുണാപുരം, എറണാകുളം ജില്ലയിലെ വാളകം, തൃശൂർ, പാലക്കാട് ജില്ലയിലെ കരിമ്പുഴ, മലപ്പുറം ജില്ലയിലെ ഊരകം, കോഴിക്കോട് ജില്ലയിലെ കിഴക്കൊത്ത്, വയനാട് ജില്ലയിലെ നെന്മേനി, കണ്ണൂർ ജില്ലയിലെ കണ്ണൂർ 1, കാസർകോട്ടെ ബമ്പ്രാണ എന്നീ വില്ലേജ് ഓഫീസുകളെ തിരഞ്ഞെടുത്തു.