
മലപ്പുറം അരീക്കോട് തെരട്ടമ്മലിൽ ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗത്തിൽ പൊലീസ് കേസെടുത്തു. സംഘാടകസമിതിക്കെതിരെയാണ് കേസെടുത്തത്. അനുമതി ഇല്ലാതെ കരിമരുന്ന് പ്രയോഗിച്ചതിനും പടക്കം പൊട്ടിച്ചതിനു മാണ് കേസ്. അപകടത്തിനു പിന്നാലെ മത്സരം ഇന്നലെ രാത്രി പൊലീസ് ഇടപെട്ട് തടഞ്ഞിരുന്നു. സ്റ്റേഡിയം നിറഞ്ഞ് കാണികളെ പ്രവേശിപ്പിച്ചെന്നും പൊലീസ് വ്യക്തമാക്കി. അപകടത്തിൽ ആകെ 47 പേർക്കാണ് പരിക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഉയരത്തിൽ വിട്ട പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഫൈനൽ മത്സരമായിരുന്ന ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഇതിന് മുന്നോടിയായി കരിമരുന്ന് പ്രയോഗമുണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായി പൊട്ടിച്ച പടക്കമാണ് ദിശ മാറി കാണികൾക്ക് ഇടയിൽ വീണ് പൊട്ടിയത്. പടക്കത്തിൻ്റെ തീപ്പൊരി ചിതറി വീണ് മൂന്ന് പേർക്കാണ് പൊള്ളലേറ്റത്. പരിഭ്രാന്തരായ കാണികൾ ചിതറി ഓടിയതോടെ ഇതിൽ പലരും വീണു. ഇങ്ങനെ 19 പേർക്ക് പരുക്കേറ്റു. ഇവരെയെല്ലാം അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.