
ഉത്തര കേരളത്തിലെ ചരിത്ര പ്രാധാന്യവും ഇരട്ട ഗോപുര നടയുമുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നായ നീലേശ്വരം തളിയില്‍ ശ്രീ നീലകണ്‌ഠേശ്വര ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ട് ഉത്സവത്തിന് ഇന്ന് കൊടിയേറും. ഫെബ്രുവരി 17 മുതല്‍ 24 വരെ നടക്കുന്ന ഉത്സവം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മഹനീയ കാര്‍മികത്വത്തിലാണ് നടത്തപ്പെടുന്നത്. കൊടിയേറ്റ ദിവസമായ തിങ്കളാഴ്ച വൈകുന്നേരം നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവില്‍ നിന്നും പൂണൂലും ദേവുരിയും സമര്‍പ്പിക്കും. തുടര്‍ന്ന് ക്ഷേത്രം തന്ത്രി ഉത്സവത്തിന് കൊടിയേറ്റും. വൈകുന്നേരം 6.30ന് ചെറുതാഴം വിഷ്ണുരാജും കാഞ്ഞിരങ്ങാട് അരുണ്‍ രാജും ചേര്‍ന്ന് ഇരട്ട തായമ്പക അവതരിപ്പിക്കും. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ആനപ്പുറത്ത് എഴുന്നള്ളത്തോടുകൂടിയാണ് ഉത്സവം നടക്കുന്നത്. ഉത്സവത്തോടനുബന്ധിച്ച് അഷ്ടപതി, പഞ്ചവാദ്യം, മേളം തുടങ്ങിയവ ഉണ്ടായിരിക്കും. ഫെബ്രുവരി 20 വ്യാഴാഴ്ച തിരുവഷ്ടമി ദിവസം വൈകുന്നേരം അരയി ചേരിക്കല്ല് നിവാസികളുടെ തിരുമുല്‍ക്കാഴ്ച സമര്‍പ്പണം നടക്കും. വൈകുന്നേരം കാഴ്ച ശീവേലി ഉത്സവത്തിന് സാക്‌സഫോണ്‍ കച്ചേരിയും, താളവാദ്യ കലാനിധി നീലേശ്വരം പ്രമോദ് മാരാരുടെ പ്രമാണത്തില്‍ സ്‌പെഷ്യല്‍ പഞ്ചവാദ്യവും ഉണ്ടായിരിക്കും. രാത്രി എട്ടുമണിക്ക് തൃപ്പൂണിത്തുറ വൈക്കം കലാമണ്ഡലം കരുണാകരന്‍ ആശാന്‍ സ്മാരക കഥകളി വിദ്യാലയം അവതരിപ്പിക്കുന്ന കഥകളി കിരാതം അരങ്ങേറും. ഫെബ്രുവരി 21ന് കണ്ണൂര്‍ സംഘകല അവതരിപ്പിക്കുന്ന വില്‍ക്കലാമേള കതിവന്നൂര്‍ വീരന്‍ ഉണ്ടായിരിക്കും. ഫെബ്രുവരി 22 വൈകുന്നേരം 4 മണിക്ക് നെല്ലിക്കാത്തുരുത്തി കഴകം ശ്രീ നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള കാഴ്ച വരവ് നടക്കും. ഫെബ്രുവരി 23 ഞായറാഴ്ച രാത്രി 8:30ന് പള്ളിവേട്ട എഴുന്നള്ളത്ത് നടക്കും. ഫെബ്രുവരി 24 തിങ്കളാഴ്ച രാവിലെ ആറാട്ട് എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് പടിഞ്ഞാറ്റം കൊഴുവല്‍ കോട്ടം ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ എതിരേല്‍പ്പും തുടര്‍ന്ന് കോവിലകം ചിറയില്‍ ആറാട്ടും നടക്കും. തുടര്‍ന്ന് ഉത്സവത്തിന് കൊടിയിറങ്ങും