
തൃക്കരിപ്പൂർ :പരിസ്ഥിതി വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിലൂടെ വിദ്യാർഥികളിൽ പ്രകൃതിയോടുള്ള ഉത്തരവാദിത്വബോധം വളർത്താൻ സഹായിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കൂലേരി ഗവൺമെന്റ് എൽ പി സ്കൂളിൽ 2021-22 വാർഷിക പദ്ധതി വിഹിതം ഉപയോഗിച്ച് ഒരു കോടി രൂപ മുതൽ മുടക്കിൽ നിർമിച്ച പുതിയ ഇരുനില കെട്ടിടം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. വിദ്യാർത്ഥികളെ പഠിപ്പിക്കുക മാത്രമല്ല സുസ്ഥിരവികസന വികസനത്തിനും ഇത് സംഭാവന നൽകുന്നു. “പരിസ്ഥിതി വിദ്യാഭ്യാസത്തിന്റെ സമഗ്രമായ ഉൾക്കാഴ്ച വിദ്യാർത്ഥികളിൽ പ്രകൃതിയോടുള്ള ബഹുമാനവും പരിപാലന ബോധവും വളർത്തും. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം പോലുള്ള പരിപാടികൾ മാലിന്യ സംസ്കരണം ജൈവകൃഷി മഴവെള്ള സംഭരണം തുടങ്ങിയ പരിസ്ഥിതി സൗഹൃദ രീതികൾ സ്വീകരിക്കാൻ സ്കൂളുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസം സാമൂഹിക പരിവർത്തനത്തിനുള്ള ശക്തമായ ഉപകരണം ആകുന്നതിൻറെ തിളക്കമാർന്ന ഉദാഹരണമാണ് സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായ മെന്നും മന്ത്രി പറഞ്ഞു.
കേരളം വിദ്യാഭ്യാസ രംഗത്ത് സമഗ്രവും ഉൾക്കൊള്ളുന്നതുമായ സമീപനം സ്വീകരിച്ച്, ആദിവാസി ജനവിഭാഗങ്ങളും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള സമൂഹങ്ങൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
എം രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായിരുന്നു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ, ജില്ലാ പഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മനു, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ ബാവ തുടങ്ങിയവർ സംസാരിച്ചു.