
സ്വതന്ത്ര വിജ്ഞാനത്തിന്റെ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന പൊതു സർവകലാശാലകളെ തകർക്കുന്നതും സ്വകാര്യകച്ചവടശാലകൾക്ക് വഴി തുറക്കുന്നതുമായ സ്വകാര്യ സർവകലാശാല ബിൽ നിയമസഭയിൽ അവതരിപ്പിക്കുകയോ പാസാക്കുകയോ ചെയ്യരുതെന്ന് സേവ് എഡ്യൂക്കേഷൻ കമ്മിറ്റി പ്രസിഡണ്ട് ഡോ. ജോർജ് ജോസഫും ജനറൽ സെക്രട്ടറി അഡ്വ.ശാന്തി രാജും ആവശ്യപ്പെട്ടു.
സ്വകാര്യ സർവകലാശാലകൾ പണം മുടക്കുന്ന വരുടെ താല്പര്യപ്രകാരം പ്രവർത്തിക്കുന്ന വാണിജ്യകേന്ദ്രങ്ങൾ മാത്രമാണ് അവയ്ക്ക് ഒരിക്കലും സർവകലാശാല യുടെ ധർമ്മം നിർവഹിക്കാനാവില്ല. വിജ്ഞാന വിരുദ്ധമായ സർക്കാരിനു മാത്രമേ ഒരു സ്വകാര്യ കച്ചവട സ്ഥാപനത്തിന് സർവകലാശാലയുടെ കുപ്പായമണിയിക്കുവാൻ കഴിയൂ. വ്യവസായത്തിന്റെ പരിശീലനമോ അതിന്റെ ഉത്പന്നങ്ങളുടെ നിർമ്മാണമൊ അല്ല നമ്മുടെ സർവ്വകലാശാല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. സ്വതന്ത്ര ഗവേഷണ പ്രവർത്തനങ്ങളിലൂടെ മാനവരാശിക്ക് പുതിയ വിജ്ഞാനം സംഭാവന ചെയ്യുക എന്ന മഹത്തായ ദൗത്യം ലോകത്ത് ഒരു സ്വകാര്യ സർവകലാശാലയ്ക്കും നിർവഹിക്കാനാവില്ല.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അറിവിനെ അടിയറ വയ്ക്കുകയാണ്. പൊതു വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും പ്രത്യേകിച്ചും ഒരു രാഷ്ട്ര സംസ്ക്കാരത്തിന്റെ ഭാവിയിലേക്കുള്ള അമൂല്യമായ നിക്ഷേപമാണ്. അതിന്, വ്യവസായത്തിന്റെയോ കച്ചവടത്തിന്റെയോ ഉടനടി സ്വകാര്യ ലാഭം ഉണ്ടാക്കുക എന്ന രീതിയുമായി ഇണങ്ങില്ല.25 കോടിയുടെ നിരതദ്രവ്യം കെട്ടി വയ്ക്കുകയും ഏക്കറുകണക്കിനു കണ്ണായ ഭൂമി കൈവശം വയ്ക്കുകയും ചെയ്യുന്ന സ്പോൺസറിംഗ് ഏജൻസിക്ക് ,അധികാരികളെ പോലും നിഷ്പ്രയാസം സ്പോൺസർ ചെയ്യാവുന്നതേയുള്ളു.
പണവും ഭരണ സ്വാധീനവും മാത്രമാണ് വിദ്യാഭ്യാസത്തിലെ’ മെറിറ്റ് ‘എന്നംഗീകരിക്കുന്ന ക്യാബിനറ്റു തീരുമാനമാണ് സംസ്ഥാന സർക്കാരിന്റെ തായി പുറത്തിറക്കിയിരിക്കുന്ന കരട് ബില്ലിൽ തെളിയുന്നത്. ഇത്തരത്തിൽ ,ഉന്നത വിദ്യാഭ്യാസ രംഗത്തെ വ്യക്തിഗത / കോർപ്പറേറ്റ് കേന്ദ്രങ്ങൾക്ക് കാഴ്ചവയ്ക്കുവാനുള്ള നീക്കങ്ങളിൽ നിന്നു സർക്കാർ അടിയന്തരമായി പിന്മാറണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.