നീലേശ്വരം: മാർച്ച് 4 മുതൽ 9 വരെ നടക്കുന്ന പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിലെ പെരും കളിയാട്ടത്തിൻ്റെ അന്നദാനത്തിന് സദ്യ ഒരുക്കുന്നത് പ്രശസ്ത പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നീണ്ട 17 വർഷം തുടർച്ചയായി ഊട്ടുപുരകളിൽ രുചിക്കൂട്ടുകളുമായി എത്തിയിട്ടുള്ള പഴയിടം മോഹനൻ നമ്പൂതിരി ഇതാദ്യമായാണ് ഒരു പെരും കളിയാട്ട മഹോത്സവത്തിന് അന്നദാനം ഒരുക്കുന്നത്. രണ്ടു ലക്ഷത്തിലേറെ പേർ അന്നദാനത്തിന് എത്തും എന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. അതിനുവേണ്ട എല്ലാ ഒരുക്കങ്ങളും കെഎം ദാമോദരൻ ചീമേനി ചെയർമാനും മാട്ടുമ്മൽ രാധാകൃഷ്ണൻ കൺവീനറുമായ ഭക്ഷണകമ്മിറ്റി തയ്യാറാക്കി വരികയാണ്. പെരുങ്കള്ളിയാട്ടത്തിന് എത്തുന്ന പഴയിടം മോഹനൻ നമ്പൂതിരിയുമായി സംവദിക്കാനുള്ള വേദിയും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഇതിനായി മാർച്ച് മൂന്നിന് വൈകിട്ട് മൂന്നുമണിക്ക് ക്ഷേത്രം രംഗമണ്ഡപത്തിൽ പഴയിടവുമായി സംസാരിക്കാൻ പൊതുജനങ്ങൾക്കായി പഴയിടം രുചിയിടം എന്ന പേരിൽ സംവാദം ഒരുക്കിയിട്ടുണ്ടെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.