തൃക്കരിപ്പൂർ : കേരള സംഗീതനാടക അക്കാദമിയിൽ അഫിലിയേറ്റ് ചെയ്‌ത കലാസമിതികൾക്ക് 2010 മുതൽ 2016 വരെ സർക്കാരിൽ നിന്ന് ലഭിക്കാനുള്ള സഹായധനം അനുവദിക്കണമെന്ന് ജില്ലാ കേന്ദ്ര കലാസമിതി ആവശ്യപ്പെട്ടു.
നടക്കാവ് നെരൂദ തീയ്യറ്റേഴ്സിൽ നടന്ന കൺവെൻഷനിൽ രാജമോഹൻ നീലേശ്വരം അധ്യക്ഷത വഹിച്ചു. കരിവെള്ളൂർ മുരളി,ഇ.പി.രാജഗോപാലൻ,വി കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.
ഉദയൻ കുണ്ടംങ്കുഴി സ്വാഗതവും പി വി രാജൻ നന്ദിയും പറഞ്ഞു. കലാസമിതിക്കുള്ള പ്രവർത്തന ഗ്രാൻ്റായി സാംസ്‌കാരിക സെസ് ഏർപ്പെടുത്തണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
കേരള സംഗീതനാടക അക്കാദമിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ജില്ലയിലെ കലാസമിതികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജനകീയമാക്കുന്നതിനുമാണ് കേന്ദ്ര കലാസമിതി രൂപീകരിച്ചത്.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അക്കാദമിയുടെ മേൽനോട്ടത്തിൽ ഇത്തരം സമിതികൾ നിലവിൽ ഉണ്ട്.
ഭാരവാഹികൾ: രാജമോഹൻ നീലേശ്വരം (പ്രസി.), ഉമേശ് ശാലിയൻ (വൈസ് പ്രസി.), പി.വി.രാജൻ (സെക്ര.), ഉദയൻ കുണ്ടംകുഴി (ജോ. സെക്ര.).